ns-naipinai

തിരുവനന്തപുരം: അഭിഭാഷകവൃത്തിയിൽ 27 വർഷത്തെ പ്രവർത്തന പരിചയം, സൈബർ നിയമങ്ങളെ കുറിച്ചുള്ള അഗാധമായ പാണ്ഡിത്യം ഈ കാരണങ്ങൾ കൊണ്ടുതന്നെയാണ് എൻ.എസ്.നപ്പിനൈ എന്ന അഭിഭാഷകയെ സ്പ്രിൻക്ളർ കേസ് ഏൽപ്പിക്കാൻ സർക്കാർ തയ്യാറായതിന് പ്രധാനകാരണം. ഒരുപക്ഷേ മലയാളികൾ അധികം കേൾക്കാത്ത പേരാണ് എൻ.എസ്.നപ്പിനൈ. എന്നാൽ പലഘട്ടത്തിലും കേരളസർക്കാരിന്റെ ഐ.ടി അധിഷ്‌ടിതമായ നിരവധി പദ്ധതികളിൽ ഇവർ ഭാഗഭാക്കായിട്ടുണ്ട്.

സുപ്രീം കോടതിയിലും മുംബയ് ഹൈക്കോടതിയിലും സൈബർ കേസുകളിൽ മാത്രം ഹാജരാകാറുള്ള നപ്പിനൈ, കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രജ്ജ്വല കേസിൽ സുപ്രീം കോടതിയുടെ അമിക്കസ് ക്യൂറിയായും കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, ഇന്റർനെറ്റിലൂടെയുള്ള ചൈൽഡ് പോൺ വ്യാപനം തുടങ്ങിയവ തടയുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ നിയോഗിച്ച സാങ്കേതിക സമിതിയിൽ അംഗമായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

'ടെക്‌നോളജി ലാസ് ഡീകോഡഡ്' എന്ന എൻ.എസ്.നപ്പിനൈയുടെ പുസ്‌തകം സെബർ നിയമങ്ങളെ വളരെ വിശദമായി വിശകലം ചെയ്‌ത് എഴുതപ്പെട്ടവയാണ്. വളരെയധികം സ്വീകാര്യതയും ഈ പുസ്‌തകത്തിന് ലഭിക്കുകയുണ്ടായി. 'ടെക്‌നോളജി ലാ ഫോറം' എന്ന സംഘടനയുടെ സ്ഥാപക മെമ്പർമാരിൽ ഒരാൾ കൂടിയാണ് നപ്പിനൈ. സൈന്യം, പൊലീസ്, രഹസ്യാന്വേഷണ വിഭാഗം തുടങ്ങി രാജ്യത്തെ സുപ്രധാനങ്ങളായ വിഭാഗങ്ങൾക്ക് നിയമപരിശീലനം നൽകുന്നതിലേക്ക് എൻ.എസ്.നപ്പിനൈയുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്.