തിരുവനന്തപുരം:പകർച്ച വ്യാധികൾ തടയിടുന്നതിനായി നഗരസഭയുടെ എപ്പിഡെമിക് കൺട്രോൾ സെന്റർ പ്രവർത്തനം ആരംഭിച്ചതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു. പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ മാസ് ഫോഗിംഗ്, മാസ് സ്‌പ്രേയിംഗ് എന്നിവ നടത്തും. നഗരസഭയുടെ സർക്കിൾ തലത്തിലുള്ള ആന്റി മൊസ്‌കിറ്റോ വിങ്ങുകളെ ഏകോപിപ്പിച്ച് മൊസ്‌കിറ്റോ കൺട്രോൾ റൂമും സജ്ജമാക്കി.
ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത്ത് സുധാകറിനാണ് സെന്ററിന്റെ പ്രവർത്തന ചുമതല. നാല് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും സെന്ററിൽ പ്രവർത്തനത്തിനുണ്ട്. ദിവസവും നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനത്തിന് പുറമേ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെയും എപ്പിഡെമിക് കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങളും വിലയിരുത്തും. ഇതിന്റെ ഭാഗമായി ഇന്നലെ നഗരസഭയുടെ നേതൃത്വത്തിൽ നഗരം മുഴുവൻ മാസ്‌ഫോഗിംഗ് നടന്നു. പാളയം മാർക്കറ്റിന് സമീപത്തു നിന്ന് ആരംഭിച്ച് തമ്പാനൂർ ഉൾപ്പെടെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി മാസ്‌ഫോഗിംഗ് നടന്നു. എപ്പിഡെമിക് കൺട്രോൾ സെന്ററിന്റെ കീഴിൽ 24 ഓളം തൊഴിലാളികൾ ഗ്രൂപ്പുകളായി തിരിഞ്ഞാണ് മാസ്‌ഫോഗിംഗ് നടത്തിയത്. മേയർ കെ.ശ്രീകുമാർ, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ
ഐ.പി. ബിനു എന്നിവർ നേതൃത്വം നൽകി.