തിരുവനന്തപുരം: സ്പ്രിൻക്ലർ കരാർ വിഷയത്തിൽ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിനെ പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ സർക്കാരിന് മുന്നോട്ട് പോകാം എന്നാണ് കോടതി പറഞ്ഞിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, വിധിയിലൂടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും നിരാകരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്പ്രിൻക്ലർ കരാർ റദ്ദാക്കണമെന്നും അതല്ലെങ്കിൽ സ്റ്റേ ചെയ്യണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ കോടതി സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
സ്പ്രിൻക്ലർ കരാറുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി അനുവാദം നൽകിയതിനാൽ കരാറുമായി സർക്കാർ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡാറ്റ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ നേരത്തെ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും അക്കാര്യത്തിൽ ഒരു ആശയക്കുഴപ്പവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാറ്റയുടെ കാര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ട്. അക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ഉണ്ടാകില്ല.
വിഷയത്തിൽ കോടതിയുടെ അന്തിമ തീർപ്പ് വന്ന ശേഷം കൂടുതൽ സംസാരിക്കാമെന്നും ഇടക്കാല ഉത്തരവ് കൈയിൽ കിട്ടിയ ശേഷം മറ്റ് കാര്യങ്ങൾ പറയുന്നതാകും ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസർകോട്ട് ജില്ലക്കാരാണ്. അതേസമയം സംസ്ഥാനത്ത് 15 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കണ്ണൂരാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 56പേരാണ് ഇവിടെ ചികിത്സയിലുള്ളത്.