കൊച്ചി: ഇടതുകൈ അപകടത്തിൽ നഷ്ടമായപ്പോൾ തളർന്ന് വീട്ടിലിരുന്നില്ല ഡോ. കൈമൾ. ക്ളിനിക്കിലെ ചികിത്സയ്ക്കൊപ്പം ഉള്ളിലെ സർഗവാസന ഒന്നൊന്നായി പുറത്തെടുത്തു. ശബ്ദാനുകരണം, പാട്ടു പാടൽ, മിമിക്രി, നാടകാഭിനയം അങ്ങനെ തൊട്ടതിലെല്ലാം തിളങ്ങി. സോഷ്യൽ മീഡിയയിൽ കൊവിഡ് ബോധവത്കരണ വാർത്തകളുടെ അവതരണമാണ് പുതിയ റോൾ.
കൈമൾ ഒറ്റക്കൈ കൊണ്ട് പറമ്പിൽ കിളച്ച് കൃഷി ചെയ്യും, തേങ്ങ പൊതിക്കും, നന്നായി പാചകം ചെയ്യും. ഇതെല്ലാം എങ്ങനെ സാദ്ധ്യമാകുന്നെന്നു ചോദിച്ചാൽ ചെറു ചിരിയോടെ കൈമൾ പറയും, "പ്രതിസദ്ധികളിൽ തളരാത്ത മനസുണ്ടെങ്കിൽ എല്ലാം സാദ്ധ്യം'. ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിൽ വിശാഖം ഹോമിയോപ്പതിക് റിസർച്ച് സെന്റർ നടത്തുകയാണ് ഡോ. എൻ.എസ്. കൈമൾ.
കൊവിഡ് പ്രതിരോധം സംബന്ധിച്ച് ഡോക്ടർ പറഞ്ഞുകൊടുക്കുന്ന പ്രധാന പോയിന്റുകൾ സുഹൃത്തായ സുബൈർ എഴുതി നൽകും. ഡോക്ടർ അവ വായിച്ച് മൊബൈലിൽ റെക്കാഡ് ചെയ്യും. ഇത് വിവിധ ഗ്രൂപ്പുകളിലൂടെ ദിവസവും നൂറുകണക്കിന് പേരിലെത്തും. മാനവീയം കലാ സാംസ്കാരികവേദി കൊവിഡ് പശ്ചാത്തലമാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ഒരുക്കിയ ബോധവത്കരണ നാടകത്തിലും അഭിനയിച്ചു.
പൂച്ചയെ പറ്റിച്ച് തുടക്കം!
ഒമ്പത് വർഷം മുമ്പ് പഴനി യാത്രയ്ക്കിടെ അപകടത്തിലാണ് ഇടതുകൈ നഷ്ടമായത്. തുടന്ന് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് കലാവാസന പുറത്തെടുക്കുന്നത്. ബെഡ് റൂമിൽ വരെ കയറി ശല്യം ചെയ്തിരുന്ന പൂച്ചകളെ പറ്റിക്കാൻ ശബ്ദങ്ങൾ അനുകരിച്ചാണ് തുടക്കം. അതിൽ വിജയിച്ചപ്പോൾ പ്രമുഖരുടെ ശബ്ദങ്ങൾ അനുകരിക്കാൻ തുടങ്ങി. സുകുമാർ അഴീക്കോട്, വെള്ളാപ്പള്ളി നടേശൻ, ക്രിസോസ്റ്റം തിരുമേനി തുടങ്ങിയവരുടെ ശബ്ദങ്ങൾ സമർത്ഥമായി അനുകരിക്കും.
പാലാരിവട്ടത്ത് ഒരു ക്ളാസിൽ പങ്കെടുത്ത് ഡോ. കൈമൾ സംസാരിച്ചപ്പോൾ, മനോഹര ശബ്ദമല്ലേ പാട്ടു പാടിക്കൂടേ എന്ന് അവിടെയുണ്ടായിരുന്ന ഒരു അദ്ധ്യാപകൻ ചോദിച്ചു. പാട്ടിലും ഒരു കൈ നോക്കാൻ അത് പ്രചോദനമായി. മിമിക്രിയും പാട്ടുമെല്ലാം ഉൾപ്പെടുത്തിയുള്ള ഏകാംഗ പ്രകടനം കൈമൾ നൂറോളം വേദികളിലാണ് അവതരിപ്പിച്ചത്.