തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൊവിഡ് കാരണമല്ലാതെ മപരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലുള്ള തടസം നീക്കാൻ ഇന്ത്യൻ എംബസികൾക്ക് നിർദ്ദേസം നൽകണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് തടസങ്ങളും പ്രയാസങ്ങളും നേരിടുന്നതായി ജി.സി.സി രാജ്യങ്ങളിലെ മലയാളി സംഘടനകളിൽ നിന്ന് പരാതി ലഭിക്കുന്നുണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ നിറുത്തി വച്ചത് ഗൾഫ് മലയാളികളെ വലിയ പ്രയാസത്തിലും കടുത്ത മാനസിക സംഘർഷത്തില്‍ ആക്കിയിട്ടുണ്ട്. അതിനിടയിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം. മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യൻ എംബസിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം. ഇന്ത്യൻ എംബസികൾ ഇന്ത്യയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ പത്രം വേണമെന്ന് നിർബന്ധിക്കുകയാണ്. കൊവിഡ് 19 കാരണമല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. അതിന് ഇത്തരം സർട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിമാന സർവീസുകൾ നിറുത്തിയതിനാൽ ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങൾ എത്തിച്ചിരുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങൾ അയയ്ക്കുന്നതിന് ക്ലിയറൻസ് നൽകാൻ ബന്ധപ്പെട്ട എംബസികൾക്ക് നിർദേശം നൽകണം. ഇക്കാര്യത്തിലുളള നൂലാമാലകൾ ഒഴിവാക്കി മൃതദേഹങ്ങൾ താമസമില്ലാതെ നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങൾക്ക് അന്ത്യ കർമങ്ങൾ നടത്താനും സൗകര്യമൊരുക്കണമെന്നും സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
വിമാന ടിക്കറ്റ് റീഫണ്ടിൽ മുഴുവൻ തുകയും തിരികെ കിട്ടുക ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ ബുക്ക് ചെയ്തവർക്ക് മാത്രമാണ് എന്ന നിബന്ധന നീക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.