ന്യൂഡൽഹി: ലോക്ക്ഡൗൺ ഇന്ത്യയുടെ മൂലധന വിപണിയെയും വലയ്ക്കുന്നുവെന്ന് സൂചിപ്പിച്ച് പ്രമുഖ അമേരിക്കൻ മ്യൂച്വൽഫണ്ട് സ്ഥാപനമായ ഫ്രാങ്ക്‌ളിൻ ടെമ്പിൾടൺ ഇന്ത്യയിലെ ആറ് ഡെറ്ര് ഫണ്ടുകളുടെ പ്രവർത്തനം നിറുത്തി. ഈ ഫണ്ടുകൾ ഇനി വിൽക്കാനോ നിക്ഷേപം പിൻവലിക്കാനോ സാധിക്കില്ല.
ലോക്ക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ ഡെറ്ര് ഫണ്ടുകൾക്ക് ഡിമാൻഡ് ഇല്ലാതായതും നിലവിലെ നിക്ഷേപകർ പണം പിൻവലിക്കാൻ തിരക്ക് കൂട്ടുന്നതുമാണ്, ഫണ്ടുകളും പ്രവർത്തനം നിറുത്താൻ കമ്പനിയെ പ്രേരിപ്പിച്ചത്. നിക്ഷേപം പിൻവലിക്കുന്നവർക്ക് നൽകാനുള്ള പണം പോലും കണ്ടെത്താനാവാത്ത സ്ഥിതി കമ്പനിക്കുണ്ടായി.
കമ്പനി അതിന്റെ ആസ്‌തി വിറ്റ് പണം ലഭ്യമാക്കുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ നിക്ഷേപകർ. കൂട്ടത്തോടെ നിക്ഷേപകർ പണം പിൻവലിക്കുന്നതിന് തടയിടുകയാണ് ലക്ഷ്യം. അതേസമയം, ലോക്ക്ഡൗണിന് ശേഷം വിപണി സാധാരണ നിലയിലെത്തുമ്പോഴേ കമ്പനി ആസ്‌തി വില്പനയ്ക്ക് മുതിർന്നേക്കൂ. ഇതിന് എത്രനാൾ വേണ്ടിവരുമെന്ന് വ്യക്തമല്ല. ഫ്രാങ്ക്‌ളിൻ ടെമ്പിൾടണിന്റെ നടപടി മറ്റ് മ്യൂച്വൽഫണ്ടുകളെയും ബാധിച്ചേക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
പൂട്ടിയ ഫണ്ടുകൾ
ഫ്രാങ്ക്‌ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ, ഡൈനാമിക് അക്രുവൽ, ക്രെഡിറ്റ് റിസ്‌ക്, ഷോർട്ട് ടേം ഇൻകം പ്ളാൻ, അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ഇൻകം ഓപ്പർച്യൂണിറ്രീസ് ഫണ്ട് എന്നിവയാണ് പൂട്ടിയത്. നിക്ഷേപകരുടെ ഏകദേശം 38,000 കോടി രൂപ ഇതുവഴി ലോക്ക് ആയി!