
ചെന്നൈ: തമിഴ്നാട്ടിൽ ചെന്നൈ, മധുര, കോയമ്പത്തൂർ, തിരുപ്പൂർ, സേലം എന്നീ അഞ്ച് നഗരങ്ങളിൽ നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഭക്ഷ്യസാധനങ്ങൾ ഹോം ഡെലിവറിയായി ലഭിക്കും. ഗതാഗതവും പൂർണമായി വിലക്കി. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു.
ചെന്നൈ, മധുര, കോയമ്പത്തൂർ നഗരങ്ങൾ നാളെ വൈകിട്ട് ആറു മുതൽ 29 വരെ അടച്ചിടും. തിരുപ്പൂരിലും സേലത്തും നാളെ മുതൽ 28 വരെയും അടച്ചിടും. ചെന്നൈയിൽ 400 ലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ 134 ഉം തിരുപ്പൂരിൽ 110ഉം രോഗികളുണ്ട്. ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, അമ്മ കാന്റീനുകളും എന്നിവ തുറന്നു പ്രവർത്തിക്കും. റേഷൻ കടകൾ, സാമൂഹിക അടുക്കളകൾ, ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും സേവനം നൽകുന്ന സംഘടനകൾ എന്നിവർക്കും പ്രവർത്തിക്കാം. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഉച്ചവരെ തുറക്കാം.