പത്തനംതിട്ട: 48 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ കൊവിഡ് രോഗം മാറി ജില്ലാ ആശുപത്രിയുടെ പടികളിറങ്ങുമ്പോൾ
അറുപത്തിരണ്ടുകാരി ഷേർളി എബ്രഹാം നിറകണ്ണുകളോടെ പറഞ്ഞു - 'നന്ദി, നിങ്ങളെല്ലാം എനിക്ക് മക്കളേപ്പോലെയാണ്, ആശുപത്രി വീട് പോലെയായി. പിരിഞ്ഞു പോകാൻ നല്ല വിഷമമുണ്ട്.
ഇറ്റലിയിൽ നിന്നെത്തിയ റാന്നി കുടുംബത്തിൽ നിന്നാണ് വടശേരിക്കര ചെറുകുളഞ്ഞി ചാരുമേലേതിൽ എബ്രഹാമിന്റെ ഭാര്യ ഷേർളിക്കും മകൾ ഗ്രീഷ്മക്കും രോഗം പകർന്നത്. ഇരുവരെയും മാർച്ച് എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 10ന് രോഗം സ്ഥിരീകരിച്ചു. 20 തവണ നടത്തിയ സ്രവ പരിശോധനകൾ പോസിറ്റീവായിരുന്നു. ഏപ്രിൽ 2ന് നടത്തിയ പരിശോധന നെഗറ്റീവായെങ്കിലും തുടർപരിശോധനാ ഫലങ്ങൾ പോസിറ്റീവായി. പിന്നീട് തുടർച്ചയായി രണ്ടുതവണ ഫലം നെഗറ്റീവായതോടെയാണ് രോഗമുക്തി സ്ഥിരീകരിച്ചത്. ഇനി 14 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ തുടരും. രോഗം ഭേദമായ മകൾ ഗ്രീഷ്മയെ 17ന് ഡിസ്ചാർജ് ചെയ്തിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നു പേർ മാത്രമാണ് ജില്ലയിൽ ഇനി രോഗബാധിതരായുള്ളത്.