
പൂവാർ: ഏഴു വയസുകാരി മകളുടെ ജീവിതം തിരിച്ചു പിടിക്കാൻ കരളെന്നല്ല ജീവൻ തന്നെ നൽകാൻ ബൈജു തയാറാണ്. അതുകൊണ്ടായില്ല, നെയ്യാറ്റിൻകരയ്ക്കു സമീപം പുത്തൻകട ചെറിയ പുല്ലിംഗൽ വീട്ടിൽ പെയിന്റിംഗ് തൊഴിലാളിയായ ബൈജുവിന്റെ മകൾ അബിനയ്ക്ക് ജീവിതത്തിലേക്കു മടങ്ങണമെങ്കിൽ സുമനസുകൾ കനിയുക തന്നെ വേണം. അബിനയ്ക്ക് ഗുരുതര കരൾരോഗമാണെന്നു തിരിച്ചറിയുന്നത് കഴിഞ്ഞ മാസം ഒൻപതിനാണ്. വയറിൽ നീരുണ്ടായതാണു തുടക്കം. കണ്ണിൽ മഞ്ഞനിറം കൂടി വന്നതോടെ ചികിത്സ തേടി. എസ്.എ.ടി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കരൾ മാറ്റിവയ്ക്കൽ അല്ലാതെ പോംവഴിയില്ലാത്തതിനാൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്കു മാറ്റി. ശസ്ത്രക്രിയ അടുത്ത ആഴ്ച നടത്തണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. പിതാവ് ബിജു കരൾ പകുത്തു നൽകാൻ തയാറാണ്. ബിജുവിന്റെ കരൾ അബിനയുടേതുമായി ചേരുന്നുണ്ട്. പക്ഷേ, ശസ്ത്രക്രിയ നടത്താനുള്ള 35 ലക്ഷത്തോളം രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ അക്ഷരാർത്ഥത്തിൽ പകച്ചിരിക്കുകയാണ് ബൈജുവും ഭാര്യ ലിജിയും. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ ഫെഡറൽ ബാങ്കിന്റെ കാഞ്ഞിരംകുളം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 12140100234244 ഐ.എഫ്.എസ്.ഇ കോഡ്: FDRL0001214 ഫോൺ: 9447931136.