മുംബയ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂലമുള്ള മരണനിരക്കിൽ കാര്യമായ കുറവ് സംഭവിക്കുന്നതായി റിപ്പോർട്ട്. പല കൊവിഡ് ബാധിത രാജ്യങ്ങളിലും രോഗം മൂലമുള്ള മരണനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നേരെ മറിച്ചാണ് സംഭവിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ദർ, മൃതദേഹ സംസ്കരണത്തിനായുള്ള സ്ഥാപനങ്ങൾ, പൊതു ശ്മശാനങ്ങൾ എന്നിവരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
ഈ പ്രവണത തന്നെ അത്ഭുതപ്പെടുത്തുകയാണെനാണ് 'അന്ത്യേഷ്ടി ഫ്യൂണറൽ സർവീസസ്' എന്ന പേരിൽ ബംഗളുരുവിലും കൊൽക്കത്തയിലുമായി പ്രവർത്തിക്കുന്ന മൃതദേഹ സംസ്കരണ സ്ഥാപനത്തിന്റെ സി.ഇ.ഒ ആയ ശ്രുതി റെഡ്ഢി പറയുന്നു. 120 ലക്ഷം ആൾക്കാർ പാർക്കുന്ന മദ്ധ്യ മുംബയിൽ, മാർച്ച് മാസത്തിൽ മരണനിരക്ക് 21 ശതമാനമായി കുറഞ്ഞിരിക്കുന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെ മരണനിരക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണിത്.
ഗുജറാത്തിലെ അഹമ്മദാബാദിൽ, മാർച്ച് മാസത്തിലെ മരണനിരക്ക് 67 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മരണനിരക്കിൽ കാര്യമായ വർദ്ധന കാണാത്ത സാഹചര്യത്തിൽ കൊവിഡ് മരണങ്ങളെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങളെ പറ്റി സംശയമുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയിലെ പ്രൊഫസറായ ഗിരിധർ ബാബു അഭിപ്രായപ്പെട്ടതായും റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
എന്നാൽ കൊവിഡ് രോഗബാധിതരുടെ എണ്ണത്തെ കുറിച്ച് ഈ വസ്തുത സംശയങ്ങൾ ഉയർത്താമെങ്കിലും, ലോക്ക്ഡൗൺ മൂലം റോഡ് അപകടങ്ങളിലും മറ്റ് സാഹചര്യങ്ങളിലുമായി മരണപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചതാകാം മരണനിരക്ക് കുറയാൻ കാരണമെന്ന് ചില ഡോക്ടർമാരും ആരോഗ്യവിദഗ്ദരും അഭിപ്രായപ്പെടുന്നു. ലോക്ക്ഡൗൺ നിലവിൽ വന്ന ശേഷം രാജ്യത്ത് റോഡ്, റെയിൽ അപകടങ്ങളുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ കുറവ് സംഭവിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
മുംബയിൽ ലോക്ക് ട്രെയിൻ യാത്രക്കിടെ ഉണ്ടാകുന്ന അപകടങ്ങളിൽ ദിവസേന ആളുകൾ മരണമടഞ്ഞിരുന്നു. എന്നാൽ ലോക്ക്ഡൗൺ മൂലം ട്രെയിനുകൾ പ്രവർത്തിക്കാതായതോടെ ഈ മരണങ്ങളിലും കുറവ് സംഭവിക്കാൻ കാരണമായിട്ടുണ്ട്. രാജ്യത്താകമാനം ട്രെയിൻ സർവീസുകൾ നിർത്തിവച്ചതും കുറ്റകൃത്യങ്ങൾ താരതമ്യേന കുറഞ്ഞതും മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചിട്ടുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മാർച്ച് 25നാണ് രാജ്യത്താകമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മാർച്ച് മൂന്നിനാണ് ലോക്ക്ഡൗൺ അവസാനിക്കുക.