തിരുവനന്തപുരം: കൊവിഡ് ഭീഷണിയിൽ നിന്ന് നാം ഇപ്പോഴും മോചിതരായിട്ടില്ലെന്നും,എന്നാൽ ചിലർ നിൽക്കുന്നത് എല്ലാം കഴിഞ്ഞെന്ന മട്ടിലാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.സ്പ്രിൻക്ളർ വിഷയത്തിൽ സർക്കാർ നടപടികളെ സംശയമുനയിൽ നിറുത്തുന്ന ചോദ്യങ്ങൾ ഹൈക്കോടതി ഉന്നയിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ, കേസ് വാദിക്കുന്ന ഘട്ടത്തിൽ വിവരം മനസിലാക്കാൻ പലതും കോടതി ചോദിക്കുമെന്നും അതെല്ലാം നിഗമനങ്ങളായി കാണാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിൽ വാദിക്കാനുള്ള വക്കീലാരെന്നത് കേസിന്റെ സ്ഥിതി വച്ച് തീരുമാനിക്കും.വൈദഗ്ദ്ധ്യമുള്ള ആൾ വന്ന് വാദിക്കും. ആ വാദം പൊതുവിൽ കോടതി അംഗീകരിച്ചിട്ടുമുണ്ട്. ഇതിൽ വേറൊരു രീതി ആഗ്രഹിക്കുന്നവർക്ക് പ്രയാസമുണ്ടാവാം. അതെന്തിനാണ് നാട്ടുകാരുടെ പെടലിക്കിടുന്നത്?.വിവരങ്ങൾ ചോരില്ലെന്നുറപ്പാക്കാനുള്ള നടപടി നാളെയുമുണ്ടാകും. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് തന്നെയാണ് ഞാൻ പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.