കൊൽക്കത്ത: പശ്ചിമബംഗാളിൽ കൊവിഡ് വൈറസ് ബാധിച്ച് 57 പേർ മരിച്ചതായി റിപ്പോർട്ട്. നേരത്തെ ബംഗാൾ സർക്കാർ 18 പേരാണ് സംസ്ഥാനത്ത് മരിച്ചതെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കേന്ദ്രത്തിന്റെ പ്രത്യേക സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴാണ് യഥാർത്ഥകണക്ക് കൊറോണ ഓഡിറ്റ് കമ്മിറ്റി പുറത്തുവിട്ടത്. 57 പേരിൽ 39 പേർക്കും മറ്റ് രോഗങ്ങളുണ്ടെന്നും അതാണ് മരണത്തിന് ആക്കം കൂട്ടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ സർക്കാർ വക്താക്കളും ചീഫ് സെക്രട്ടറി രാജീവ് സിൻഹയും 18പേർ മാത്രമാണ് മരിച്ചെന്നാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
സംസ്ഥാനത്തെ ഡെത്ത് കമ്മിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡുമായി ബന്ധപ്പെട്ട നടപടികൾ പരിശോധിക്കുന്നതിനായി ദിവസങ്ങള്‍ക്ക് കേന്ദ്രസംഘം ദിവസങ്ങൾക്ക് മുൻപ് തന്നെ ബംഗാളിൽ എത്തിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് സംഘത്തിന്റെ ചോദ്യത്തിനൊടുവിലാണ് യഥാർത്ഥ കണക്ക് സർക്കാരിന് പുറത്തുവിടേണ്ടി വന്നത്. കേന്ദ്ര സംഘത്തിന്റെ തലവൻ അപൂർ ചന്ദ്ര കൊവിഡ് മരണത്തിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാരിനോട് കത്ത് മുഖേന ആവശ്യപ്പെട്ടിരുന്നു.
ഈ പട്ടികയിൽ മരണപ്പെട്ടവരുടെ കാരണങ്ങൾ മറ്റ് രോഗം ബാധിച്ചാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതാണ് കേന്ദ്ര സംഘത്തിന് സംശയത്തിനിടയാക്കിയത്. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ കണക്ക് സംബന്ധിച്ച് കേന്ദ്ര സംഘത്തിന് സംശയങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മമത സർക്കാർ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.