അമ്മയിൽനിന്ന് അനുഗ്രഹം വാങ്ങിയാണ് തന്റെ 47-ാം പിറന്നാൾ ദിനം സച്ചിൻ തുടങ്ങിയത്. തുടർന്ന് ഗണപതിയുടെ ചെറിയ ഫോട്ടോ അമ്മ സച്ചിന് സമ്മാനമായി നൽകി. വിലമതിക്കാനാവാത്തതെന്നാണ് ഈ സമ്മാനത്തെയും നിമിഷങ്ങളെയും കുറിച്ച് സച്ചിൻ അമ്മയ്ക്കൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം ട്വിറ്ററിൽ കുറിച്ചത്. സച്ചിന് ജൻമദിനാശംസകൾ നേർന്നുള്ള പോസ്റ്റുകളായിരുന്നു ഇന്നലെ സാമൂഹിക മാദ്ധ്യമങ്ങളിൽ മുഴുവൻ. എല്ലാരംഗത്തുമുള്ള പ്രമുഖരുൾപ്പെടെ നിരവധിപ്പേർ സച്ചിന് ആശംസകളുമായെത്തി. ലോകം കൊവിഡ് 19ന്റെ ഭീഷണിയിലായിരിക്കുമ്പോൾ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്നായിരുന്നു സച്ചിന്റെ തീരുമാനം. കോവിഡ് 19നെ പ്രതിരോധിക്കുന്നതിനായി പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരോടുമുള്ള ആദരവ് അറിയിക്കുന്നതായും സച്ചിൻ പിറന്നാൾ ദിനത്തിൽ പറഞ്ഞു.