vk-prasanth-

തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലുള്ളവരോട് എങ്ങനെ പച്ചക്കറി കൃഷി ചെയ്യണമെന്ന് പറഞ്ഞുകൊടുക്കാൻ വി.കെ.പ്രശാന്ത് എം.എൽ.എയ്ക്ക് വിദഗ്ദ്ധ ഉപദേശത്തിന്റെ ആവശ്യമില്ല. സ്വന്തം വീട്ടുവളപ്പിലേക്ക് നോക്കിയാൽ മതി. അവിടെ തനി നാടൻ ചീര,​ വെണ്ട,​ കത്തിരിക്ക,​ പയർ,​ മുളക്... എന്നിവയൊക്കെ കൊഴുത്ത് നിൽപ്പുണ്ട്. ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ പച്ചക്കറി കൃഷി തുടങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അത് വട്ടിയൂർക്കാവിൽ പ്രാവർത്തികമാക്കാൻ വി.കെ.പ്രശാന്തിന് നിസാരമായി കഴിഞ്ഞതും അതുകൊണ്ടാണ്.

അച്ഛൻ എസ്. കൃഷ്ണനും അമ്മ​ ജെ.വസന്തയും ഭാര്യ രാജിയുമാണ് വീട്ടുവളപ്പിലെ കൃഷിക്കാർ. കഴക്കൂട്ടം കൃഷിഭവനിൽ നിന്ന് വിത്തും വളവുമൊക്കെ വാങ്ങിയത് റിട്ട.പഞ്ചായത്ത് സെക്രട്ടറിയായ അച്ഛനാണ്. ഇടയ്ക്ക് കൃഷിക്കാരന്റെ റോളിൽ പ്രശാന്തും ഇറങ്ങും. ലോക്ക് ഡൗൺ കാലത്തും എം.എൽ.എയ്ക്ക് വീട്ടിലിരിക്കാൻ നേരമില്ലെന്നാണ് രാജിയുടെ പരാതി. മൂത്തമകൾ ആലിയ പടം വരയ്ക്കും. പിന്നെ അതിൽ വർണങ്ങൾ ചാർത്തും. അനിയൻ നാലു വയസുകാരൻ ആര്യനെ ഇത് ആദ്യം കാണിക്കും. പിന്നെ ഈ ആറാം ക്ളാസുകാരി അച്ഛനെ കാത്തിരിക്കും ഇതൊക്കെ കാണിക്കാൻ. ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ വീട് ശുചീകരണമായിരുന്നു പരിപാടിയെന്ന് വി.കെ.പ്രശാന്ത് പറഞ്ഞു. ഓഫീസ് മുറി ഉൾപ്പെടെ വൃത്തിയാക്കി. പിന്നെ വട്ടിയൂർക്കാവിൽ സജീവമായി. രാവിലെ പുറപ്പെടും മുമ്പ് വീട്ടിലെ പച്ചക്കറി കൊണ്ടുണ്ടാക്കിയ കറികളോടു കൂടിയ ഊണ് ഭാര്യ പാഴ്സലാക്കി കൊടുത്തു വിടും.

 ലോക്ക് ഡൗണിൽ

ഹൈടെക് കൃഷി

മണ്ഡലത്തിൽ കൃഷിക്ക് ആദ്യം തയ്യാറായത് 3500 വീടുകൾ. ആ വീടുകളിൽ വോളന്റിയർമാർ വഴി വിത്ത് സൗജന്യമായി എത്തിച്ചു. കൃഷിക്ക് തയ്യാറായവർക്കായി 'ജീവനി' എന്ന പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി. 24 വാർഡുകളിലും ഓരോ ഗ്രൂപ്പ് വീതം. എല്ലാ ഗ്രൂപ്പിലും കൃഷി ഓഫീസർമാരും വിദഗ്ദ്ധരും ഉണ്ടാകും. അവർ സംശയ നിവാരണം നടത്തും. ഓരോ വീട്ടിലും വളവും എത്തിച്ചു. വിവിധ സംഘടനകളും വ്യക്തികളുമാണ് വിത്ത് സംഭാവനയായി നൽകിയത്. പദ്ധതിയുടെ അടുത്തഘട്ടം 26 മുതൽ ആരംഭിക്കും. വിത്തും വളവും ഗ്രോബാഗും കിട്ടാത്തവർക്കായി

വാഹനത്തിൽ ജംഗ്ഷനുകളിലെത്തിക്കും. കിഴങ്ങുവ‌ർഗങ്ങളുടെ തൈകളും വാഴക്കന്ന്,​ മരിച്ചീനി കമ്പ് എല്ലാം നൽകും.

വാട്സ് ആപ്പിലൂടെ

കമ്പ്യൂട്ടർ പഠിക്കാം

കമ്പ്യൂട്ടർ സാക്ഷരതയില്ലാത്തവർക്കായി വട്ടിയൂർക്കാവ് ഓൺലൈൻ കമ്പ്യൂട്ടർ ലിറ്ററസി പ്രോഗ്രാം ആരംഭിച്ചു. അക്ഷയ കേന്ദ്രം വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് ബേസിക് കോഴ്സുകളിലാണ് പരിശീലനം. വാട്സ് ആപ്പിലൂടെയാണ് ക്ലാസ്. വീഡിയോയും വോയിസ് മെസേജായും പഠിക്കാനുള്ളവ എത്തും. അക്ഷയ നൽകുന്ന സർട്ടിഫിക്കറ്റും നൽകും. ആവശ്യമുള്ളവർക്ക് വേറെ കോഴ്സുകളും പഠിക്കാം.

 വിമർശനം കേട്ടെങ്കിലും

ഹോമിയോമരുന്ന് എത്തിച്ചു

ജനറൽ ആശുപത്രിയിൽ വെന്റിലേറ്റർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി ഒരു കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചു.

വൈറസ് രോഗങ്ങൾക്കുള്ള ഹോമിയോ മരുന്ന് ആദ്യം വിതരണം ചെയ്തത് വട്ടിയൂർക്കാവിലാണ്. ഐരാണിമുട്ടത്തെ ഗവ. ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് അത് എത്തിച്ചത്. വിത്തിനൊപ്പം ഹോമിയോ മരുന്നും വിതരണം ചെയ്തു. ചിലരൊക്കെ ഇതിനെ വിമർശിക്കുകയും ചെയ്തു. 'ആയുർവേദം വീട്ടിലേക്ക്' എന്ന പദ്ധതിയും തുടങ്ങി. മൊബൈൽ ക്ലിനിക്കിന്റെ സേവനമാണ് നൽകുന്നത്. ഒരു ഡോക്ടർ. ഫാർമസിസ്റ്റ്,​ ഒരു നഴ്സ് എന്നിവരടങ്ങുന്ന സംഘം ഓൺലൈനിൽ രജിസ്റ്റർ ചെയ്തവരുടെ വീടുകളിലെത്തും. ഇതിനകം 125 വീടുകളിൽ മാസ്കുകൾ വിതരണം ചെയ്തു.

മണ്ഡലത്തിൽ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. വീടുകളിൽ നിരീക്ഷണത്തിൽ 700 ഓളം പേർ കഴിയുന്നുണ്ട്. ഇതിൽ ഫോൺ നമ്പർ കിട്ടിയവരെ എല്ലാം വിളിച്ചു. അവരെല്ലാം ഹാപ്പിയാണ്.​ നാലിടത്ത് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നുണ്ട്. കൗൺസിലർമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്താറുണ്ട്.