ന്യൂഡൽഹി: ഭാഗികമായി പാസഞ്ചർ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്ന കാര്യത്തെക്കുറിച്ചാലോചിച്ച് ഇന്ത്യൻ റെയിൽവേ. അടിയന്തിര സാഹചര്യങ്ങളിൽ അകപ്പെട്ടവർക്ക് യാത്ര നടത്തുന്നതിന് വേണ്ടിയാണ് ട്രെയിനുകൾ ഓടിക്കുന്ന കാര്യം റെയിൽവേ അധികൃതർ ആലോചിക്കുന്നത്. ഉയർന്ന ടിക്കറ്റ് നിരക്കിൽ ഏതാനും ചില ട്രെയിനുകളാണ് ഓടിത്തുടങ്ങുക എന്ന വിവരമാണ് ലഭിക്കുന്നത്. ഇന്ത്യ ടുഡേയുടെ ഓൺലൈൻ പതിപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയുന്നത്.
കൊവിഡ് രോഗത്തിന്റെ സാഹചര്യത്തിൽ നേരത്തെ തന്നെ മുതിർന്ന പൗരന്മാർ, അംഗപരിമിതർ, വിദ്യാർത്ഥികൾ എന്നിവർക്ക് നൽകിപ്പോന്നിരുന്ന ഇളവുകൾ ഇന്ത്യൻ റെയിൽവേ നിർത്തലാക്കിയിരുന്നു. യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത്. ഭാഗികമായി സർവീസ് പുനരാരംഭിക്കാനുള്ള റെയിൽവേയുടെ നിർദേശം കേന്ദ്രം അംഗീകരിക്കുകയാണെങ്കിൽ ആദ്യം ഓടി തുടങ്ങുക സ്ലീപ്പർ ട്രെയിനുകളായിരിക്കും.
തുടക്കത്തിൽ എ.സി ട്രെയിനുകൾ സർവീസ് നടത്തില്ല. മാത്രമല്ല ടിക്കറ്റ് കൺഫർമേഷൻ ലഭിച്ചവരെ മാത്രമേ തുടക്കത്തിൽ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. ജനറൽ കമ്പാർട്ടുമെന്റുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. സർവീസിന്റെ ആരംഭത്തിൽ ഗ്രീൻ സോണുകളായി പ്രഖ്യാപിച്ച മേഖലകളിൽ മാത്രമാണ് സർവീസ് ഉണ്ടാകുക. കൊവിഡ് ഹോട്ട് സ്പോട്ടുകളിൽ ട്രെയിനുകൾ നിർത്തില്ല. കൊവിഡ് ഐസൊലേഷനായി പരിവർത്തനം ചെയ്‌ത ട്രെയിൻ കോച്ചുകളും സർവീസ് നടത്തുന്ന ട്രെയിനുകളിൽ ഉപയോഗിക്കാൻ റെയിൽവേ ആലോചിക്കുന്നുണ്ട്.