ലണ്ടൻ : ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചു. രണ്ട് പേർക്കാണ് ഇന്നലെ വാക്സിൻ നൽകിയത്. എലൈസ ഗ്രനറ്റോ എന്ന യുവശാസ്ത്രജ്ഞയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. പരീക്ഷണത്തിനായി 800 സന്നദ്ധ പ്രവർത്തകരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
വാക്സിൻ പരീക്ഷണത്തിന് 80 ശതമാനം വിജയമാണ് ഗവേഷണങ്ങൾക്ക് നേതൃത്വം നല്‍കുന്ന പ്രൊഫസർ സാറ ഗിൽബർട്ട് പ്രവചിച്ചിരിക്കുന്നത്. പരീക്ഷണം വിജയമായാല്‍ സെപ്തംബറോടെ 10 ലക്ഷം വാക്സിനുകൾ ഉത്പാദിപ്പിക്കാനാണ് പദ്ധതി. വാക്സിൻ വിധേയമാകുന്ന ആളുകളെ നിരന്തരം നിരീക്ഷണങ്ങൾക്ക് വിധേയമാക്കുമെന്നും ഇവർക്ക് അസ്വസ്ഥതകളുണ്ടാകാൻ സാദ്ധ്യതകളുണ്ടെന്നും റിസ്ക്കുകൾ ബോധ്യപ്പെടുത്തിയ ശേഷമാണ് മരുന്ന് പരീക്ഷണം നടത്തുന്നതെന്നും എന്നാൽ അപകടസാധ്യത ഇല്ലെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങളിലും പരീക്ഷണം നടത്തും.
റെംഡെസിവിര്‍(remdesivir ) മരുന്നിന്റെ ആദ്യ ക്ലിനിക്കൽ പരിശോധന പരാജയമായതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇക്കാര്യം ലോകാരാഗ്യ സംഘടന വെബ്‍സൈറ്റിൽ വ്യക്തമാക്കിയതായും പിന്നീട് നീക്കം ചെയ്തതെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ റെംഡെസിവിർ നിർമ്മിക്കുന്ന അമേരിക്കൻ കമ്പനിയായ ഗിലീഡ് സയൻസ്(Gilead Sciences) പരീക്ഷണം പരാജയപ്പെട്ടെന്ന വിവരം നിഷേധിച്ചു.