ന്യൂഡൽഹി: വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ലോക്ക് ഡൗൺ ഇളവുകളുമായി കേന്ദ്ര സർക്കാർ. ചെറിയ കടകൾ ഇന്നുമുതൽ പ്രവർത്തിക്കാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. ഹോട്ട്സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ കടകൾ തുറന്നു പ്രവർത്തിക്കാമെന്ന് ഉത്തരവിൽ പറയുന്നു. മാളുകൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടില്ല.
അതേസമയം, മാസ്‌ക്, കയ്യുറകൾ, സാമൂഹിക അകലം പാലിക്കൽ എന്നിവ നിർബന്ധമാണെന്ന് ഉത്തരവിൽ പറയുന്നു. ഈ കടകളിൽ 50 ശതമാനം ജോലിക്കാരെ മാത്രമേ അനുവദിക്കുകയുള്ളു. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഈ ഉത്തരവ് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ ഹോട്ട്സ്പോട്ടുകൾക്ക് ഇളവുകൾ ബാധകമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
'നഗരസഭാ, കോർപറേഷൻ പരിധിക്ക് പുറത്ത് ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം അതത് സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കടകൾ, പാർപ്പിട സമുച്ചയങ്ങളിലേയും മാർക്കറ്റ് സമുച്ചയങ്ങളിലേയും കടകൾ എന്നിവ തുറന്ന് പ്രവർത്തിക്കാം. അതേസമയം, മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകളിലെ ഷോപ്പുകൾ തുറക്കരുത്' ഉത്തരവിൽ പറയുന്നു.
#COVID19 update
— Spokesperson, Ministry of Home Affairs (@PIBHomeAffairs) April 24, 2020
All registered shops regd under Shops & Establishment Act of respective States/ UTs, including shops in residential complexes, neighborhood & standalone shops exempted from #lockdown restrictions.
Prohibited: Shops in single & multi brand malls pic.twitter.com/NNz9abgWdA
രാജ്യത്ത് 23,000ത്തിലധികം പേർക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചത്. എഴുനൂറിൽ കൂടുതലാളുകൾ മരണപ്പെട്ടു. രോഗവ്യാപനം തടയാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ മെയ് മൂന്നിനാണ് അവസാനിക്കുക.