private-bus

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് താത്കാലികമായി വർദ്ധിപ്പിക്കണമെന്ന് ഗതാഗത വകുപ്പ് ശുപാർശ ചെയ്തു. റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നൽകണമെന്നും ഗതാഗത വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്തനാണ് വകുപ്പ് ശുപാർശ.എന്നാൽ നിരക്ക് കൂട്ടുന്ന കാര്യത്തിൽ സർക്കാർ ബസുടമകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമോയെന്ന കാര്യം വ്യക്തമല്ല.

സംസ്ഥാനത്ത് ലോക്ക് ഡൗൺ കഴിഞ്ഞാലും ബസുകൾ ഉടന്‍ നിരത്തിലിറക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കിയിരുന്നു. സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കാനായി ഉടമകള്‍ സ്റ്റോപ്പേജ് അപേക്ഷ നൽകുകയും ചെയ്തു. സർക്കാര്‍ നിബന്ധനയനുസരിച്ച് സർവീസ് നടത്തിയാല്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഉടമകൾ പറഞ്ഞത്.

ബസ് സര്‍വീസ് നടത്തിക്കൊണ്ടു പോകാന്‍ ചുരുങ്ങിയത് ദിവസം പതിനായിരം രൂപയെങ്കിലും വരുമാനം കണ്ടെത്തണം എന്നാണ് ബസുടമകള്‍ പറയുന്നത്. മുടക്കുമുതല്‍ തിരികെ കിട്ടാനും മെയിന്‍റിനന്‍സ്, വേതനം തുടങ്ങിയ ചെലവുകള്‍ക്കും ഇത്രയും പണം വേണമെന്നാണ് വാദം. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ജി ഫോം പിന്‍വലിച്ച് ബസുകള്‍ നിരത്തിലിറക്കുന്ന കാര്യം ആലോചിക്കും. അതല്ലെങ്കില്‍ നികുതി, ഇന്‍ഷുറന്‍സ് എന്നിവയില്‍ നിന്ന് ഒഴിവാക്കുകയും തൊഴിലാളി ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുകയും ചെയ്താല്‍ സര്‍വീസ് നടത്താമെന്നാണ് ബസുടമകളുടെ നിലപാട്.

സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി രണ്ട് പേരുടെ സീറ്റിൽ ഒരാളെയും മൂന്ന് പേരുടെ സീറ്റിൽ രണ്ട് പേരെയും മാത്രമേ അനുവദിക്കാവൂ എന്നാണ് സർക്കാർ നിർദ്ദേശം. ഇത് പാലിച്ച് സർവീസ് നടത്തിയാൽ ഇന്ധനച്ചെലവിന് പോലും പണം ലഭിക്കില്ലെന്ന് ബസ് ഉടമകൾ പറയുന്നു. ജീവനക്കാർക്ക് കൂലി കൊടുക്കാനും അറ്റകുറ്റപ്പണി നടത്താനും കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും. ഈ സാഹചര്യം മുന്നിൽ കണ്ടാണ് സ്റ്റോപ്പേജ് അപേക്ഷ നൽകാനുള്ള തീരുമാനം. കോഴിക്കോട് ജില്ലയിലെ മുഴുവൻ ബസുടമകളും അപേക്ഷ നൽകിക്കഴിഞ്ഞു. സംസ്ഥാനത്ത് ആകെ 12000 ത്തോളം ബസ്സുകളാണ് അപേക്ഷ നൽകിയിട്ടുള്ളത്. വരും ദിവസങ്ങളിൽ ബാക്കിയുള്ളവർ കൂടി അപേക്ഷ നൽകും.