കൊവിഡിനെരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം ചേർന്നുനിന്ന് പ്രവർത്തിക്കുന്ന സിനിമാതാരങ്ങളുമുണ്ട്. തെരുവോരങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്ക് ആശ്രയമായി നടൻ വിനു മോഹനും ഭാര്യ വിദ്യയും മാതൃകയാകുകയാണ്. തെരുവോരങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നിരവധി പേർക്കുവേണ്ടിയാണ് വിനു മോഹനും ഭാര്യ വിദ്യയും ഇറങ്ങിത്തിരിച്ചത്. ഇവർക്കൊപ്പം തെരുവോരം എന്ന സന്നദ്ധ സംഘടനയുമുണ്ട്. വിനു മോഹന്റേയും കൂട്ടരുടെയും പ്രവർത്തിയെ അഭിനന്ദിക്കുകയാണ് നടൻ മോഹൻലാൽ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അഭിനന്ദനം.
മോഹൻലാലിന്റെ കുറിപ്പ്
"ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ, ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവുകളിൽ കഴിയേണ്ടിവരുന്ന ആളുകളുമുണ്ട് നമുക്കിടയിൽ. അവർക്കൊരു ആശ്രയമായ്, അവരെ ഏറ്റെടുത്ത്, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകി, പുതിയ മനുഷ്യരാക്കി മാറ്റുവാൻ
മുൻകൈയെടുത്ത് ഇറങ്ങിയ വിനു മോഹൻ, ഭാര്യ വിദ്യ, മുരുഗൻ, അദ്ദേഹത്തിന്റെ തെരുവോരം പ്രവർത്തകർ, എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായി ഇതിനോടകം അറുനൂറിലധികം ആളുകളെയാണ് തെരുവുകളിൽ നിന്ന് കണ്ടെത്താനായത്. അവർക്കൊരു ആശ്രയമായി, അവരെ സഹായിക്കാനിറങ്ങിയ എന്റെ പ്രിയ കൂട്ടുകാർക്ക് എല്ലാവിധ നന്മകളും നേരുന്നു."
മോഹൻലാലിന്റെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് വിദ്യ വിനു മോഹൻ രംഗത്തെത്തി. മോഹൻലാലിന്റെ ഫേസ് ബുക്ക് പോസ്റ്റിനു താഴെ വിദ്യ സന്തോഷം രേഖപ്പെടുത്തി. ലാലേട്ടന്റെ നല്ല വാക്കുകൾ ഇത്തരത്തിൽ പ്രവർത്തിക്കാനുള്ള പ്രചോദനവും ഊർജ്ജവുമാണെന്ന് വിദ്യ കുറിച്ചു.