covid-

കാസർകോട്: ലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊവിഡ് രോഗം പിടിപെടുന്നുണ്ടെങ്കിലും കാസർകോട് ജില്ലയിൽ സമൂഹ വ്യാപന സാദ്ധ്യത തള്ളി ആരോഗ്യ വകുപ്പ്. ജില്ലയിൽ രോഗികളുടെ എണ്ണത്തിലും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 20 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. ഹോട്ട് സ്‌പോട്ട് ഏരിയകളിൽ നടത്തിയ സർവെയെ തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് വ്യാപന സാദ്ധ്യത ഇല്ലെന്ന് പറയുന്നത്. രോഗം പിടിപെട്ടവരെയും ഭേദമായി വീടുകളിലേക്ക് തിരിച്ചു വന്നവരെയും നിരീക്ഷണത്തിൽ കഴിയുന്നവരെയും സർവെയുടെ ഭാഗമായി പരിശോധന നടത്തിയിരുന്നു.

കൊവിഡ് റിപ്പോർട്ട് ചെയ്‌ത പഞ്ചായത്ത്,നഗരസഭാ പ്രദേശങ്ങളിലെ 18,810 വീടുകളിലാണ്‌ സർവെ നടത്തിയത്‌. 321 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ ഭൂരിഭാഗം പേരുടെ ഫലവും നെഗറ്റീവാണ്. 65 വയസ്സിന്‌ മുകളിലുള്ളവർ, ഗർഭിണികൾ, കുട്ടികൾ, ശസ്ത്രക്രിയക്ക് വിധേയരായവർ, ഹൃദ്രോഗികൾ, മറ്റു ഗുരുതര രോഗമുള്ളവർ തുടങ്ങി 4727 പേർ ഉൾപ്പെടെ 25,856 പേരെയാണ് സർവെ പരിധിയിൽ ഉൾപ്പെടുത്തിയത്.

ജില്ലയിൽനിന്ന് അധികമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും അതത് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും ആശ വർക്കർ, അങ്കണവാടി പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് സർവെ നടത്തിയത്‌. കൊവിഡ് പോസിറ്റീവ് ആയ വാർഡുകളിലും സമീപ വാർഡുകളിലുമാണ് ആദ്യഘട്ട സർവെ നടത്തിയത്. കാസർകോട്, കാഞ്ഞങ്ങാട് നഗരസഭകൾ, ചെമ്മനാട്, ചെങ്കള, മുളിയാർ, മധൂർ, കുമ്പള, മൊഗ്രാൽ പുത്തൂർ, ഉദുമ, പള്ളിക്കര, അജാനൂർ, പുല്ലൂർ പെരിയ പഞ്ചായത്തുകളിലാണ് സർവെ നടന്നത്. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ഏ.വി രാമദാസിന്റെയും സി.എസ്.ഒ ഡോ. എ.ടി മനോജിന്റെയും നിർദ്ദേശ പ്രകാരം പരിയാരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് സർവെ നടത്തിയത്.