arrest-

കൊല്ലം: ആശ്രയമില്ലാത്ത കുടുംബത്തിന് താമസസൗകര്യം ഒരുക്കാനെത്തിയ കരുനാഗപ്പള്ളി തഹസിൽദാർ സാജിതാ ബീഗത്തിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് നാല് പേർക്കെതിരെ ചവറ പൊലീസ് കേസെടുത്തു. ഇതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പന്മന നെറ്റിയാട് അയണിക്കാട്ട് വീട്ടിൽ നിസാർ, കമർ എന്നിവരാണ് അറസ്റ്റിലായത്. പന്മന ഷിയാസ് വില്ലയിൽ ഷിയാസ്, മുളന്താനത്ത് വീട്ടിൽ സോമൻ എന്നിവർ ഒളിവിലാണ്. വർക്കല ഇടവ സ്വദേശി സുധീർ വാഹിദ്, ഭാര്യ സുനിജ, നാല് പെൺമക്കൾ എന്നിവരടങ്ങിയ കുടുംബത്തെ വാടക കൊടുക്കാൻ നിവൃത്തിയില്ലാത്തതിനാൽ കരുനാഗപ്പള്ളി പുത്തൻ തെരുവിലുള്ള വീട്ടുടമസ്ഥൻ ഇറക്കിവിട്ടിരുന്നു.

ഇവർ കരുനാഗപ്പള്ളി പൊലീസിനെ വിവരമറിയിച്ചു. വിവരം അറിഞ്ഞ കരുനാഗപ്പള്ളി തഹസിൽദാർ ജീവകാരുണ്യ പ്രവർത്തകരായ സിദ്ധിഖ് മംഗലശ്ശേരി, റാഫി നെറ്റിയാട് എന്നിവരുമായി ബന്ധപ്പെട്ട് പന്മന നെറ്റിയാട്ട് മുക്കിന് സമീപം ഈ കുടുംബത്തിന് വാടകയ്ക്ക് താമസിക്കാൻ വീട് കണ്ടെത്തി. കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയ ഫിറോസ് എന്നയാൾ വീട്ടുവാടകയ്ക്കുള്ള സഹായവും നൽകി.

ഇവരെ വാടകവീട്ടിൽ താമസിപ്പിക്കാനായി തഹസിൽദാർ സാജിതാ ബീഗം, ഡെപ്യൂട്ടി തഹസിൽദാർ പത്മസാഗർ, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥ ഉഷാകുമാരി, വില്ലേജ് ഓഫീസർ സജീവ് എന്നിവരെത്തിയപ്പോൾ കൊവിഡ് 19 വ്യാപനത്തിന്റെ പേരിൽ താമസിക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് തടസപ്പെടുത്തുകയായിരുന്നു. തഹസിൽദാർ ചവറ പൊലീസിൽ വിവരമറിയിച്ചതനുസരിച്ച് സി.ഐ നിസാമുദ്ദീൻ, എസ്.ഐ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് ഈ കുടുംബത്തെ വാടക വീട്ടിൽ താമസിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയത്.