കൊല്ലം: ലോക്ക് ഡൗൺ കാലത്ത് പതിനൊന്നുകാരൻ പിറന്നാളാഘോഷിച്ചത് പൊലീസ് സ്റ്റേഷനിൽ. താന്നിക്കമുക്ക് ഭാസ്കരവിലാസം അദ്വൈത സേവാനിലയത്തിൽ കടവൂർ ബി. ശാർങ്‌ഗധരന്റെയും ലാലിയുടെയും മകൻ ഹരി എസ്. ഭാസ്കറിന്റെ പിറന്നാളാണ് ഇന്നലെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ നടന്നത്.
ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഇത്തവണ പിറന്നാൾ ആഘോഷിക്കാമെന്ന തീരുമാനം എടുത്തത് ഹരി തന്നെയാണ്. അവന്റെ ആഗ്രഹത്തിന് രക്ഷിതാക്കളും ഒപ്പം കൂടിയപ്പോൾ ആഘോഷം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലേക്ക് വഴിമാറുകയായിരുന്നു.
പൊലീസുകാർക്ക് ഉച്ചഭക്ഷണവും വിളമ്പി അവരുടെ പിറന്നാൾ സമ്മാനവും വാങ്ങിയ ശേഷമാണ് ഹരിയും മാതാപിതാക്കളും മടങ്ങിയത്. അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഹരി എസ്. ഭാസ്കർ.