pic-

കൊല്ലം: കൊല്ലത്തെ സാമൂഹിക അടുക്കളകൾ വേറെ ലവലാണ്. ചാളക്കറിയും കപ്പയും പൊതിച്ചോറിനൊപ്പം വിളമ്പിയതിന് പിന്നാലെ ബിരിയാണിയും. ടൗൺ ഹാളിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ സാമൂഹിക അടുക്കളയിലാണ് പതിവ് പൊതിച്ചോറിന് പകരം ചിക്കൻ ബിരിയാണി തയ്യാറാക്കി വിതരണം ചെയ്തത്. റമദാൻ നോമ്പ് ആരംഭിച്ച ദിവസം തന്നെ 560 ബിരിയാണി പൊതികളാണ് വിതരണം ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച മുനീർ എന്ന വ്യക്തി തന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകൾ നടത്താതെ സാമൂഹിക അടുക്കളയിലേക് 80കിലോ ബിരിയാണി അരിയും അച്ചാറും സംഭാവന ചെയ്തിരുന്നു. കൂടാതെ ഉളിയക്കോവിൽ സർവീസ് സഹകരണ ബാങ്ക്, സുപ്രീം ട്രേഡേഴ്സ് ഉടമ അഫ്സൽ മുസ്‌ലിയാർ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ സഹായത്തോടെയാണ് ബിരിയാണി നൽകിയത്. മുൻ മേയർ വി. രാജേന്ദ്രബാബു വിതരണോദ്ഘാടനം നിർവഹിച്ചു. എം. നൗഷാദ് എം എൽ എ, മേയർ ഹണി ബെഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ്. ഗീതാ കുമാരി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സത്താർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗിരിജാ സുന്ദരൻ എന്നിവർ പങ്കെടുത്തു. പൊതിച്ചോറുകളിലും ഓരോ ദിനവും വൈവിദ്ധ്യമുള്ള രുചി വിഭവങ്ങളും വയ്ക്കാറുണ്ട്.