online-class

എറണാകുളം: പരീക്ഷകളില്ലാതെയും റിസൽട്ടിനെ ഭയക്കാതെയും നിനച്ചിരിക്കാതെ വന്നെത്തിയ ഈ അവധിക്കാലത്തെ ആഘോഷമാക്കി മാറ്റുകയാണ് കൊച്ചി ഇടപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന അൽ അമീൻ സ്കൂളിലെ വിദ്യാർത്ഥികൾ. സി.ബി.എസ്.ഇ സിലബസിൽ പഠനം നടത്തുന്ന മൂവായിരത്തോളം കുട്ടികളെ ഒരേ പ്ലാറ്റ്ഫോമിൽ തന്നെ അണിനിരത്തിക്കൊണ്ടാണ് “ടുഗെതെർ 2020” എന്ന പേരിൽ ഈ അവധിക്കാല സമ്മർ ക്യാമ്പ് പ്രവർത്തിക്കുന്നത്.

പഠന – പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയം വീടുകൾക്കുള്ളിൽ നിന്നു കൊണ്ട്‌ തന്നെ കുട്ടികളുടെ സർഗ്ഗവാസനകൾ സമൂഹമാധ്യമങ്ങളുടെ വർണ്ണശബളതയിലേക്ക് പറത്തിവിടുകയാണ്. വിവിധ കാറ്റഗറികളിലായി കുട്ടികളെ തരം തിരിച്ചുകൊണ്ടാണ് ഈ ക്യാമ്പ് നടന്നുകൊണ്ടിരിക്കുന്നത്. എൽ.കെ.ജി, യു.കെ.ജി വിഭാഗത്തിൽപ്പെട്ടവർ കാറ്റഗറി ഒന്നിലും, ഒന്ന് മുതൽ നാലു വരെയുള്ള കുട്ടികൾ കാറ്റഗറി രണ്ടിലും, അഞ്ചു മുതൽ എട്ടു വരെയുള്ളവർ കാറ്റഗറി മൂന്നിലും, ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ളവർ കാറ്റഗറി നാലിലും എന്നിങ്ങനെയാണ് കുട്ടികളെ തരം തിരിച്ചിരിക്കുന്നത്.

കുട്ടികൾക്കായി ഓരോ ദിവസവും വളരെ രസകരമായ ടാസ്ക്കുകളാണ് നൽകി വരുന്നത്. ഏപ്രിൽ ആറാം തിയതി ആരംഭിച്ച സമ്മർ ക്യാമ്പ് വിജയകരമായി തുടർന്നുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസത്തേക്കുമായുള്ള ടാസ്ക്കുകൾ കുട്ടികൾക്ക് തലേദിവസം തന്നെ നൽകും. പിറ്റേ ദിവസം രാത്രി ഏഴു മണിക്ക് മുമ്പായി കുട്ടികൾ അതാതു ക്ലാസ് ടീച്ചർമാർക്ക് വാട്സാപ്പ് ഗ്രൂപ്പിലൂടെ അതയച്ചു കൊടുക്കുകയും ചെയ്യുന്നു. അതിന്റെ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ കുട്ടികൾക്ക് അയച്ചു കൊടുക്കുകയും ചെയ്യും.


വിവിധ വിഷയങ്ങളാണ് സമ്മർ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭാഷാവികസനവും പ്രകൃതിയോടുള്ള സ്നേഹവും ഊർജ്ജസംരക്ഷണവും എല്ലാം തന്നെ അതിൽ ഉൾപ്പെടുന്നു. കൊവിഡിനെതിരായ ബോധവത്ക്കരണം, ആരോഗ്യപ്രവർത്തകളുടെ നന്ദിപ്രകടനം, ഫോട്ടോഗ്രാഫി, ബി എ ടീച്ചർ, മൈക്രോ ഗ്രീൻ, പഴഞ്ചൊല്ലിൽ പതിരില്ല, പൊടിക്കൈകൾ തുടങ്ങിയ രസകരമായ ടാസ്ക്കുകളാണ് നൽകി വരുന്നത്.

എൽ. കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും വളരെ ആവേശത്തോടെയാണ് ഈ ക്യാമ്പിനെ ഏറ്റെടുത്തിരിക്കുന്നത്. കുട്ടികൾ വീടിനുള്ളിൽ കഴിയുന്ന ഈ അവധിക്കാലം അകലെയാണെങ്കിൽ പോലും ഒരു വിരൽത്തുമ്പിൽ അവരുണ്ട് എന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്നാണ് അൽ അമീൻ പബ്ലിക് സ്കൂളിലെ അദ്ധ്യാപകരുടെ അഭിപ്രായം. സമ്മർ ക്യാമ്പിലെ തങ്ങളുടെ വിദ്യാർത്ഥികളുടെ പ്രകടനത്തിന്റെ സന്തോഷത്തിലാണ് അൽ അമീൻ മാനേജ്മെന്റും. മെയ് മാസം പകുതി വരെ ക്യാമ്പ് തുടരുമെന്ന് മാനേജർ സിയാദ് കോക്കർ അറിയിച്ചു.