മുംബയ്: കൊവിഡ് കാലത്തും സൈബർ തട്ടിപ്പിന് കുറവില്ല! ഇത്തവണ പണം തട്ടിയത് പ്രധാനമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയുടെ പേരിൽ. നവി മുംബയ് സ്വദേശിയായ 25കാരിയാണ് തട്ടിപ്പിന് ഇരയായത്. ഇവരിൽ നിന്നും 30,000 രൂപ തട്ടിയെടുത്തു. സംഭവത്തിൽ മുംബയ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തട്ടിപ്പ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
ഒരു ദേശീയ ബാങ്കിന്റെ പേരിൽ ഫോൺ വിളിച്ചാണ് തട്ടിപ്പുകാർ യുവതിയെ കുടുക്കിയത്. കൊവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ നിന്നും 1000 രൂപ ശേഖരിക്കുന്നുണ്ടെന്നും ഇത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നാലെ ഇവരുടെ ഫോണിലേക്ക് ഒരു മെസേജും കൈമാറി. ഇതിൽ ക്ലിക്ക് ചെയ്യുകയും നിർദ്ദേശങ്ങൾ പ്രകാരം യുവതി മുന്നോട്ട് പോകുകയും ചെയ്തു. തുടർന്ന് ഇവർക്ക് 1000 രൂപ നഷ്ടപ്പെട്ടുവെന്ന് ഒരു മെസേജ് ലഭിച്ചു. തൊട്ടുപിന്നാലെ മറ്റൊരു മെസേജും ഇവർക്ക് ലഭിച്ചു. ഇതിൽ ക്ലിക്ക് ചെയ്തതോടെ, 29,000 രൂപയും കൂടി അക്കൗണ്ടിൽ നിന്നും നഷ്ടപ്പെടുകയായിരുന്നു. തുടർന്നാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്.
25കാരിയുടെ പരാതിയിൽ ഐ.ടി ആക്ട് പ്രകാരമാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. സൈബർ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. മെസേജ് വഴി നൽകുന്ന ലിങ്ക് ഉപയോഗിച്ച് മൊബൈലും കംപ്യൂട്ടറും ഹാക്ക് ചെയ്താണ് ഇത്തരം സംഘം പണം തട്ടുന്നതെന്നാണ് പൊലീസ് നിഗമനം. പൊതുജനങ്ങൾ കൂടുതൽ ജാഗ്രതയോടെ ഇത്തരം കാര്യങ്ങൾ ഇടപെടണമെന്നാണ് പൊലീസ് പറയുന്നു.