police-case

തൃക്കരിപ്പൂർ: ലോക്ക് ഡൗൺ നിയമം ലംഘിച്ചു പ്രകടനം നടത്തിയ നാല് മുസ്ലിം യൂത്ത് ലീഗുകാർക്കെതിരെ കേസെടുത്ത സംഭവത്തിൽ പരാതിക്കാരനായ ഡി.വൈ.എഫ്.ഐ നേതാവിനെ വർഗീയമായി അധിക്ഷേപിക്കാൻ നീക്കമെന്ന് പരാതി. സംഭവത്തിൽ ചന്തേര പൊലീസ് അന്വേഷണം തുടങ്ങി. ഡി.വൈ.എഫ്.ഐ ബ്ളോക്ക് ജോയിന്റ് സെക്രട്ടറി കെ. സനലിനെയാണ് സാമുഹ്യ മാദ്ധ്യമങ്ങളിലൂടെ വർഗീയമായി ആക്ഷേപിച്ചത്.

പ്രകടനം നടത്തിയതിൽ പ്രതിയായ അസറുദ്ദീൻ മണിയനൊടിയാണ് പരാതി നൽകിയ വൈരാഗ്യത്താൽ ഇന്നലെ രാത്രി 'തൃക്കരിപ്പൂർ ശബ്ദം' വാട്സപ്പ് കൂട്ടായ്മയിൽ വർഗീയ പോസ്റ്റിട്ടത്. തൃക്കരിപ്പൂരിലെ സഖാക്കൾ ന്യുനപക്ഷ വിരുദ്ധരാണന്ന് തുടങ്ങുന്ന പോസ്റ്റിൽ ആരാധനാലയത്തിന് കല്ലെറിഞ്ഞതും, നബിദിനാഘോഷ തോരണങ്ങൾ നശിപ്പിച്ചതും, ആയുർവേദ ആശുപത്രിയുടെ ബോർഡിൽ നിന്നും ജമാഅത്ത് കമ്മിറ്റിയുടെ പേര് ഒഴിവാക്കാൻ കളക്ടർക്ക് പരാതികൊടുത്തതും, തൃക്കരിപ്പൂരിന്റെ പല ഭാഗങ്ങളിലും ആളുകളുടെ പേര് ചോദിച്ച് ആക്രമിച്ചതും, ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് ഒരു വിഭാഗം ആളുകളെ തല്ലിച്ചതച്ചത്, പള്ളി നിർമ്മിക്കുമ്പോൾ അതിനെതിരെ പരാതി കൊടുത്തവർ ഇങ്ങനെ നീളുന്നു ഇവരുടെ ന്യൂനപക്ഷ സ്നേഹം. ഈ സമരം നടത്തിയത് വല്ല ബി.ജെ.പി ക്കാരും ആയിരുന്നെങ്കിൽ പരാതിക്കാരൻ ആയ മടയന്റെ നാവ് ചലിക്കില്ലായിരുന്നു. കൊവിഡ് കാലത്തും തരംതാണ രാഷ്ട്രീയം കളിക്കുന്ന അമ്മയുടെ മുലപ്പാലിന്റെ ഗന്ധം മാറിയിട്ടില്ലാത്ത ഈ നാൽക്കാലികളോട് ഒന്നേ പറയാനുള്ളു " മുട്ടാമെങ്കിൽ മുട്ടി നോക്ക് എന്നതായിരുന്നു പോസ്റ്റ്.

വർഷങ്ങളായി സാഹോദര്യത്തോടെ കഴിഞ്ഞിരുന്ന തൃക്കരിപ്പൂരുകാരുടെ ഇടയിലേക്ക് ഇല്ലാത്ത സംഭവങ്ങൾ വിവരിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്നും അതിനെ ചെറുക്കുമെന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറഞ്ഞു. മണ്ഡലം സെക്രട്ടറി ടി.എസ് നജീബ്, വൈസ് പ്രസിഡന്റ് ഫായിസ് ബീരിച്ചേരി, പ്രസിഡന്റ് ഷുഹൈബ് ബീരിച്ചേരി, അസറുദ്ധീൻ മണിയനോടി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിഷേധക്കാരിൽ രണ്ട് പേർ ജാഗ്രത സമിതി വളണ്ടിയർമാരാണ്.