police-checking

തിരുവനന്തപുരം: നഗരത്തിലെ ഹോട്ട് സ്‌പോട്ടുകളായ കളിപ്പാൻകുളം, അമ്പലത്തറ വാർഡുകളിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇവിടെ നിന്ന് ആളുകൾ പുറത്തേക്ക് പോകുന്നതും പുറത്ത് നിന്നുള്ളവർ ഇവിടേക്ക് വരുന്നതും തടയുന്നതിനായി അട്ടക്കുളങ്ങരയിലും തിരുവല്ലത്തും എൻട്രി- എക്സിറ്റ് വേകൾ ക്രമീകരിച്ച പൊലീസ് ഇവിടം കേന്ദ്രീകരിച്ച് പരിശോധന കടുപ്പിച്ചു.

നഗരത്തിലെ മറ്റ് സ്ഥലങ്ങളിൽ ഹോട്ട് സ്പോട്ട് നിയന്ത്രണങ്ങൾ മാറിയതോടെ അവിടങ്ങളിൽ നിന്ന് കൂടുതൽ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും നിരീക്ഷണത്തിനും രോഗ പ്രതിരോധപ്രവർത്തനങ്ങൾക്കുമായി ഇവിടേക്ക് നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. അമ്പലത്തറയിൽ കൊവിഡ് സ്ഥിരീകരിച്ച രോഗി ഇപ്പോഴും ചികിത്സയിലാണ്. സമ്പർക്ക പട്ടിക പ്രകാരം ഇരുസ്ഥലങ്ങളിലും നിരവധി പേർ നിരീക്ഷണത്തിലും തുടരുന്നുണ്ട്. നിരീക്ഷണത്തിലുള്ളവരെല്ലാം നെഗറ്റീവായാൽ മാത്രമേ ഇവിടങ്ങളിലെ നിരീക്ഷണത്തിന് അയവ് വരൂ.

ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങൾ നീങ്ങിയ നഗരത്തിലെ മറ്റ് സ്ഥലങ്ങളിലെല്ലാം രാവിലെ ജനങ്ങളുടെ തിരക്ക് വർദ്ധിച്ചതോടെ പരിശോധന ശക്തമാക്കാൻ പൊലീസിന് നിർദേശം നൽകിയതായി സിറ്റിപൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ഓഫീസ് സമയത്ത് സെക്രട്ടറിയേറ്റ് ഭാഗത്താണ് നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ചാലക്കമ്പോളത്തിന്റെ ഭാഗത്തും സ്ഥിതി വ്യത്യസ്തമല്ല. പതിവ് കടകൾ മാത്രമേ ഇന്നും തുറന്നിട്ടുള്ളൂവെങ്കിലും നഗരത്തിൽ പൊതുവെ ഇന്ന് തിരക്ക് കാണപ്പെടുന്നുണ്ട്.

നാളെ ഞയറാഴ്ച ആയതിനാൽ സാധനങ്ങൾ വാങ്ങാനും മറ്റും ആളുകൾ കൂട്ടത്തോടെ ഇറങ്ങിയതാണെന്നാണ് കരുതുന്നത്. എന്നാൽ നിയന്ത്രണങ്ങളിൽ ഒരിളവും അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. സത്യവാങ്മൂലമില്ലാത്തവരെയും മതിയായ കാരണങ്ങളില്ലാതെ വാഹനങ്ങളുമായി ഇറങ്ങുന്നവരെയും മുഖം മാസ്കോ തൂവാലയോ ഉപയോഗിച്ച് മറയ്ക്കാത്തവരെയും നിയമപരമായി നേരിടാനാണ് തീരുമാനം.

രോഗ തീവ്രത കുറഞ്ഞതനുസരിച്ച് നഗരത്തിലെ രണ്ട് വാർഡുകളൊഴികെയുള്ള സ്ഥലങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയതിന്റെ പേരിലുള്ള നേരിയ ഇളവുകളൊഴിച്ചാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളെല്ലാം അതേപടി തുടരുകയാണ്. നഗരത്തിലേക്ക് പ്രവേശിക്കുന്ന റോഡുകൾക്കൊപ്പം സംസ്ഥാന- ജില്ലാ അതിർത്തിയിലും പൊലീസ് പരിശോധന തുടരുകയാണ്. ചരക്ക് വാഹനങ്ങളിൽ ആളുകൾ ഒളിച്ചുകടക്കുന്നത് തടയാൻ സത്യവാങ്മൂലം നിർബന്ധമാക്കിയതിനൊപ്പം പച്ചക്കറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളെല്ലാം പൊലീസ് അരിച്ചുപെറുക്കിയശേഷമാണ് കടന്നുപോകാൻ അനുവദിക്കുന്നത്.

നിയന്ത്രണങ്ങൾ ലംഘിച്ച് കടക്കുന്നവരെ നിർബന്ധമായും ക്വാറന്റൈനിലാക്കാനാണ് പൊലീസിന്റെ തീരുമാനം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കളിയിക്കാവിള, കാരക്കോണം, കന്നു മാംമൂട്, കളിയിക്കാവിള - ഇഞ്ചിവിള, കൊല്ലങ്കോട്-ഊരമ്പ് , പൊഴിയൂർ തിരദേശമേഖല അതിർത്തി ചെക്ക് പോസ്റ്റുകളായ ആറ്റുപുറം - പൂവ്വാർ, അമരവിള - പാലക്കടവ് എന്നിവിടങ്ങളിലെല്ലാം ബൈറൂട്ടുകളിലുൾപ്പെടെ പൊലീസിന്റെ പരിശോധന ശക്തമായി തുടരുകയാണ്.