pic-

കാസർകോട്: കൊവിഡ് ബാധയുടെ പശ്ചാതലത്തിൽ ആരോഗ്യ വകുപ്പിന്റെയും പൊലിസിന്റെയും നേതൃത്വത്തിലുള്ള സംഘം തലപ്പാടി അതിർത്തിയിൽ പരിശോധന ശക്തമായി തുടരുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ വിശ്രമ മില്ലാതെയാണ് പരിശോധന. ഈ പരിശോധനയാണ് അതിർത്തി കടന്നുള്ള രോഗ വ്യാപനം ഒരു പരിധിവരെ തടയാൻ സഹായിച്ചത്. ഇതുവരെ 7,359 വാഹനങ്ങളും 16,533 ആളുകളയും പരിശോധിച്ചു. ജില്ലയിലെ പ്രധാന അതിർത്തി ചെക്ക് പോസ്റ്റ് തലപ്പാടിയിലേതാണ്.

ലോക്ക് ഡൗൺ കാലത്തും ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നു വരുന്ന കർണാടക അതിർത്തിയിലെ ഈ പരിശോധന കേന്ദ്രത്തിലെ ജീവനക്കാർ കഴിഞ്ഞ മാർച്ച് 15 മുതൽ വിശ്രമം എന്തെന്നറിഞ്ഞിട്ടില്ല. രോഗ ലക്ഷണങ്ങളുള്ള 14 പേരെ നിരീക്ഷണത്തിനും സ്രവ പരിശോധനയ്ക്കും അയച്ചു. ദേശീയപാതയ്ക്ക് അരികിൽ താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലാണ് പരിശോധനയും രേഖപ്പെടുത്തലും നടത്തുന്നത്. ഇടതടവില്ലാതെ എത്തുന്ന വാഹനങ്ങൾ കൂടാതെ അതിർത്തി കടന്ന് നടന്നു വരുന്നവരെയും കൊടുംചൂടിൽ പരിശോധന നടത്തുന്നുണ്ട്. രാത്രികാലങ്ങളിലും ഉറക്കമൊഴിഞ്ഞ് പരിശോധന നടത്തുകയാണ് ജീവനക്കാർ. ഇതുകൂടാതെ ഗുരുതരമായ രോഗബാധിതർക്ക് മംഗലാപുരത്തേക്ക് പോകുന്നതിനുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തുന്നത് മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ്. ഏപ്രിൽ 11 ന് ആരംഭിച്ച പ്രവർത്തനത്തിലൂടെ ജില്ലയ്ക്ക് അകത്തോ സമീപ ജില്ലകളില്ലോ ചികിത്സ ലഭ്യമാക്കാൻ പറ്റാത്ത ഗുരുതരാവസ്ഥയിലുള്ളതുമായ 12 പേർക്ക് സർട്ടിഫിക്കറ്റ് നൽകി. 68 ലധികം പേർ ഈ ആവശ്യാർത്ഥം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയിട്ടുണ്ട്.

അതിർത്തി ചെക്ക് പോസ്റ്റിന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ചുമതല ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർർ ഡോ ഷാന്റി, ഡോ. ടി.വി ചന്ദ്രമോഹൻ, ഡോ. ഷൈന എന്നിവക്കാണ്. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുരേഷ്, ലിയാഖത്ത്, റെജുൽ, തുടങ്ങിയവരുടെ നേതൃത്വത്തിൽ മംഗൽപാടി, മഞ്ചേശ്വരം ബായാർ മീഞ്ച, വോർക്കാടി, കുമ്പള ഇനി ആരോഗ്യ കേന്ദ്രങ്ങളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുമാണ് ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നത്.