tamil-police

കൊവിഡ് കാലമാണ്, സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ആളുകൾ വെറുതേ പുറത്തിറങ്ങി നടക്കരുതെന്ന് പലവട്ടം പറഞ്ഞ് മടുത്തിട്ടും പല സംസ്ഥാനങ്ങളിലും നിയമം ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവർ ഏറെയാണ്. അങ്ങനെയുള്ളവരെ പിടിച്ച് പൊലീസ് പല തരത്തിലുള്ള ശിക്ഷാ നടപടികളും ബോധവത്കരണവുമാണ് നടത്തുന്നത്. അത്തരത്തിൽ തമിഴ്നാട് പൊലീസ് നടത്തിയ ബോധവത്കരണം, അല്ലെങ്കിൽ ശിക്ഷാ നടപടിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ലോക്ക് ഡൗൺ ലംഘിച്ച് ബൈക്കിൽ യാത്ര ചെയ്ത മൂന്ന് പേർക്ക് കൊടുത്ത ശിക്ഷയാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. മാസ്കോ ഹെൽമറ്റോ ധരിക്കാതെയാണ് മൂന്ന് പേരും ബൈക്കിൽ സഞ്ചരിച്ചത്. എന്നാൽ ഇവരെ പൊലീസ് പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. പലതും പറഞ്ഞ് യുവാക്കൾ ഒഴിയാൻ നോക്കിയെങ്കിലും പൊലീസ് അവരെ വെറുതെ വിടുന്നില്ല. അവരോട് മാസ്കിനെ കുറിച്ചും മറ്റും ബോധവത്കരണം നടത്തുകയും ചെയ്യുന്നുണ്ട്.

ബോധവത്കരണത്തിന് ശേഷം കൊടുക്കുന്ന ശിക്ഷയാണ് ഏറെ രസകരം. തൊട്ടടുത്തുള്ള ഒരു ആംബുലൻസിൽ കയറാൻ മൂന്ന് പേരോടും പൊലീസ് പറയുന്നു.. എന്നാൽ ആംബുലൻസിനുള്ളിൽ ഒരാൾ കിടക്കുന്നുണ്ട്. അയാൾക്ക് കൊവിഡ് ആണെന്നും പൊലീസ് അവരോട് പറയുന്നു. ഇത് കേട്ടതോടെ യുവാക്കൾ പിന്നോട്ട് പോകുന്നു. എന്നാൽ പൊലീസ് അവരെ വിടാതെ ആംബുലൻസിനകത്തേക്ക് തള്ളിക്കേറ്റുകയാണ് ചെയ്യുന്നത്. ആംബുലൻസിനകത്ത് വെച്ച് ജനലിൽ കൂടി പുറത്തേക്ക് ചാടാൻ നോക്കുന്ന യുവാക്കൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആംബുലൻസിലെ കൊവിഡ് രോഗി പൊലീസ് തന്നെ അഭിനയിക്കാൻ തയ്യാറാക്കിയ ആളായിരുന്നു. ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പാഠം പഠിപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു ശിക്ഷയെന്ന് തമിഴ് നാട് പൊലീസ് പറയുന്നു.ശേഷം ഇവർക്ക് മാസ്ക് നൽകുകയും ലോക്ക് ഡൗൺ ബോധവത്കരണം നടത്തുകയും ചെയ്യുന്ന പൊലീസുകാരെയും ദൃശ്യങ്ങളിൽ കാണാം. നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. ഇത്തരത്തിൽ ലോക്ക് ഡൗൺ ലംഘിക്കുന്നവരെ ഇങ്ങനെ തന്നെ ചെയ്യണം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Police across the country have come up with various ideas to tell people about the seriousness of the pandemic.

This one from Tamilnadu is the best so far 😅 pic.twitter.com/Rxp1zoIZo4

— Arun Bothra (@arunbothra) April 24, 2020