റിയോ ഡി ജനീറോ : ബ്രസീലിലെ നിയമമന്ത്രി സെർജിയോ മോറോ രാജിവച്ചു. പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയുമായുണ്ടായ സ്വരച്ചേർച്ചയില്ലായ്മയാണ് രാജിയിലേക്ക് നയിച്ചത്. മുൻ ജഡ്ജി കൂടിയായ സെർജിയോ രാജ്യത്തെ ഏറ്റവും വലിയ അഴിമതി വിരുദ്ധ അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിച്ചയാളാണ്.
രാജ്യത്തെ ഫെഡറൽ പൊലീസ് തലവനെ ബൊൽസൊനാരോ ജോലിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് സെർജിയോയുടെ രാജി. തനിക്ക് നേരിട്ട് വിവരങ്ങൾ കൈമാറുന്ന ഒരാളെ പൊലീസ് മേധാവിയാക്കാൻ ബൊൽസൊനാരോ ശ്രമിച്ചതായും വകുപ്പുതല കാര്യങ്ങളിൽ ബൊൽസൊനാരോ അനാവശ്യമായി ഇടപെടുന്നതായും സെർജിയോ ആരോപിച്ചു.
ബൊൽസൊനാരോയ്ക്കെതിരെയുള്ള ആരോപണങ്ങളിൽ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിടണമെന്ന് രാജ്യത്തെ പബ്ലിക് പ്രോസിക്യൂട്ടറായ അഗസ്റ്റോ അറാസ് ആവശ്യപ്പെട്ടു.ഫെഡറൽ പൊലീസ് തലവനായ മൗറീഷ്യോ വാലെക്സോയെ പുറത്താക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. പുറത്താക്കുന്നത് സംബന്ധിച്ച വ്യക്തമായ കാരണം ഉത്തരവിൽ പറയുന്നില്ല. മൗറീഷ്യോയെ പുറത്താക്കിയാൽ താൻ രാജിവയ്ക്കുമെന്ന് സെർജിയോ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ മൗറീഷ്യോയ്ക്കുള്ള പകരക്കാരനെ നിയമമന്ത്രിയായ താൻ തിരഞ്ഞെടുക്കാൻ അനുവദിക്കുകയാണെങ്കിൽ മന്ത്രിസ്ഥാനത്ത് തുടരുമെന്ന് സെർജിയോ പിന്നീട് അറിയിച്ചിരുന്നു.
ഈ മാസം ആദ്യം കൊവിഡിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവന്ന ആരോഗ്യമന്ത്രി ലൂയിസ് ഹെൻറിക് മാൻഡെറ്റയെ ബൊൽസൊനാരോ പുറത്താക്കിയിരുന്നു. മാൻഡെറ്റ ജനങ്ങളോട് രോഗവ്യാപനം തടയാൻ സാമൂഹ്യ അകലം പാലിക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ ബൊൽസൊനാരോ അത് നിഷേധിക്കുകയാണ് ചെയ്തത്.
അഴിമതിയ്ക്കെതിരെയുള്ള പോരാട്ടമാണ് 2018ലെ തിരഞ്ഞെടുപ്പിൽ ബൊൽസൊനാരോ മുഖ്യ പ്രചാരണ ആയുധമാക്കി മാറ്റിയത്. എന്നാൽ അഴിമതിയ്ക്കെതിരെയഉള്ള പൊലീസ് അന്വേഷണങ്ങളിൽ ബൊൽസൊനാരോ അനാവശ്യമായി ഇടപെടുന്നതായി സെർജിയോ ആരോപിക്കുന്നു.
അതേ സമയം, ഏറ്റവും ജനപ്രിയനായിരുന്ന സെർജിയോയുടെ രാജി ബൊൽസൊനാരോ സർക്കാരിന് തിരിച്ചടിയാകും. അഴിമതിയ്ക്കെതിരെ പോരാടുന്ന നേതാവായാണ് സെർജിയോ അറിയപ്പെട്ടിരുന്നത്. ഇനി അടുത്തതായി ബൊൽസൊനാരോയുടെ നയങ്ങൾക്കെതിരെ ഇടയാൻ പോകുന്നതാരാണെന്നാണ് ബ്രസീലിലെ ജനങ്ങൾ ഉറ്റുനോക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരവെയാണ് ബ്രസീലിൽ പ്രസിഡന്റും മന്ത്രിമാരും തമ്മിലുള്ള ഉരസൽ ശക്തമായിരിക്കുന്നത്.