pic-

കണ്ണൂർ: ലോക്ക് ഡൗൺ കാലത്ത് കണ്ണൂർ ആകാശവാണിക്ക് ഭാഗിക നിയന്ത്രണം. ഘട്ടംഘട്ടമായി നിയന്ത്രണം പൂർണതോതിൽ കൊണ്ടുവന്ന് നിലയത്തിന്റെ പ്രവർത്തനം നിറുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ഉയർന്നുവരുന്ന ആരോപണം. കണ്ണൂർ നിലയത്തെ റിലേ കേന്ദ്രമാക്കി ചുരുക്കാനുള്ള അണിയറ നീക്കമാണ് ഇപ്പോൾ നടക്കുന്നതത്രേ. പുതുമ നിറഞ്ഞതും വൈവിധ്യമാർന്ന പരിപാടികളാലും ശ്രോതാക്കളുടെ ഹൃദയങ്ങളിൽ ഇടംനേടിയ ആകാശവാണിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ട്.

ജാലകം, സ്ത്രീതിലകം പോലുള്ള പരിപാടികൾ പൂർണമായും നിറുത്തിവച്ചിരുന്നു. ഇതിൽ ശ്രോതാക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ജാലകം പുന:സംപ്രേക്ഷണം നടത്തുന്നുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ ആകാശവാണിയുടെ കണ്ണൂർ എഫ്.എം നിലയത്തിൽ നിന്നുള്ള രണ്ട് പ്രധാന ട്രാൻസ്മിഷനുകൾ ഇതിനകം വേണ്ടെന്നുവെച്ചു. ഇപ്പോൾ തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള പരിപാടികളാണ് കേൾപ്പിക്കുന്നത്.

ഇടക്കാലത്ത് കോഴിക്കോട് നിലയത്തിലെ പരിപാടികളായിരുന്നു റിലേ ചെയ്തിരുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതുകൊണ്ട് താത്കാലിക ജീവനക്കാരെ വച്ചാണ് കൂടുതലും പരിപാടികൾ തയാറാക്കുന്നത്. 40 ഓളം സ്ഥിരം ജീവനക്കാരും 70 ഓളം താത്കാലിക ജീവനക്കാരുമാണ് നിലയത്തിലുള്ളത്. ലോക്ക് ഡൗണായതിനാൽ താത്കാലിക ജീവനക്കാർക്ക് സ്റ്റേഷനിൽ എത്താൻ കഴിയാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് പരിപാടികൾ വെട്ടിക്കുറച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, നിലയത്തിനു സമീപമുള്ള ജീവനക്കാർ ജോലിക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടും ആവശ്യമുള്ളപ്പോൾ വിളിക്കാമെന്നാണ് അധികൃതർ അറിയിച്ചതെന്ന് ജീവനക്കാർ പറയുന്നു. നിലവിലെ കാഷ്വൽ ജീവനക്കാർ സ്ഥിരം നിയമനം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഇതിനെതിരെ ആകാശവാണി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, നിലവിലെ സ്ഥിതി തുടരണമെന്നും ആർക്കും തൊഴിൽ നഷ്ടപ്പെടുത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഈ വിധി നടപ്പാക്കാൻ ബന്ധപ്പെട്ടവർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.