പാറശാല: ചാരായം വാറ്റി വിൽപ്പന നടത്തുന്നതിനിടെ കാട്ടാക്കട മണ്ണൂർകര കൊട്ടൂർ മാങ്കുടി വില്ലുചാരി ചരുവിള വീട്ടിൽ മോഹനനെ (62) എക്സൈസ് പിടികൂടി. ഇയാളുടെ സഹായി മണ്ണൂർകര കോട്ടൂർ മുണ്ടണിനട വട്ടകരിക്കം വീട്ടിൽ സാമുവേൽ (47) വാറ്റുകേന്ദ്രത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറിന് പെരുമ്പഴുതൂർ ഭാഗത്ത് രണ്ട്ലിറ്റർ ചാരായവുമായി വിൽപ്പനയ്ക്ക് എത്തിയതിനിടെയാണ് മോഹനൻ പിടിയിലായത്.
ചാരായം കാട്ടാക്കട കോട്ടൂർ ഭാഗത്തു നിന്നും കൊണ്ടുവരികയാണെന്നും കോട്ടൂരിൽ വാറ്റ് നടന്നു കൊണ്ടിരിക്കുകയാണെന്നും പിടിയിലായ മോഹനൻ പറഞ്ഞു. തുടർന്ന് ഇയാളുമായി കോട്ടൂരിൽ എത്തിയ സംഘം വാറ്റു കേന്ദ്രം കണ്ടെത്തുകയായിരുന്നു. ഈ സമയം ചാരായം വാറ്റുകയായിരുന്ന കിങ്ങിണിയെന്ന സാമുവേൽ അധികൃതരെ കണ്ട് ഓടി രക്ഷപ്പെട്ടു. അവിടെ നിന്നും 10 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം മദ്യ ഷോപ്പുകൾ അടച്ചതിനെ തുടർന്ന് ജില്ലയിൽ വാറ്റുസംഘങ്ങൾ സജീവമാണ്. നെയ്യാറ്റിൻകര റേഞ്ചിൽ മാത്രം രണ്ട് ആഴ്ചകൾക്കുള്ളിൽ 9കേസുകളിലായി 13പേർക്കെതിരെ എക്സൈസ് കേസ് എടുത്തു. ഇതിൽ 11പേരെ അറസ്റ്റ് ചെയ്തു . 39.5ലിറ്റർ ചാരായം,695ലിറ്റർ കോടയും, വാറ്റുപകരണങ്ങൾ, രണ്ട് സ്കൂട്ടർ എന്നിവയും കണ്ടെത്തിയിരുന്നു. എക്സൈസ് ഇൻസ്‌പെക്ടർ സച്ചിൻ,പ്രിവന്റീവ് ഓഫീസർ ഷാജു,സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്,വിനോദ്,ശങ്കർ,പ്രശാന്ത് ലാൽ,രാജേഷ് പി.രാജൻ,ബിജുകുമാർ,വിപിൻ എന്നിവരടങ്ങിയ സംഘമാണ് ചാരായം പിടികൂടിയത്.