ഗോവ: പഠിച്ച പണി ചെയ്യുക ഒരാവേശമാണ്. അത് ഡോക്ടറായാലോ.. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഡോക്ടറാണ്. രാഷ്ട്രീയക്കാരനായപ്പോൾ ഡോക്ടർ കുപ്പായം അഴിച്ചുവച്ചു. എന്നാൽ കൊവിഡ് വന്നപ്പോൾ അദ്ദേഹം വീണ്ടും കുപ്പായം അണിഞ്ഞ് രോഗികൾക്കടുത്തെത്തിയിരുന്നത് വാർത്തയായിരുന്നു.
ഇപ്പോഴിതാ അദ്ദേഹം വീണ്ടും ഡോക്ടറായി രോഗികൾക്കടുത്തെത്തി. 47ാം ജന്മദിനത്തിൽ. മുഖ്യമന്ത്രിയെ ഡോക്ടറുടെ വേഷത്തിൽ കണ്ടപ്പോൾ രോഗികളും ആശുപത്രി ജീവനക്കാരും അമ്പരന്നു. എല്ലാവർക്കും സന്തോമാകട്ടെ ഇന്ന് എന്റെ ജന്മദിനമാണ്. അത് നിങ്ങളെ ചികിത്സിച്ചുകൊണ്ടാകട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ രോഗികളിലടക്കം സന്തോഷം തുളുമ്പി.
മപ്സയിലെ ജില്ലാ ആശുപത്രിയിലാണ് ഇദ്ദേഹം എത്തിയത്. മറ്റ് ഡോക്ടർമാർക്കൊപ്പം അദ്ദേഹം രോഗികളെ ചികിത്സിച്ചു.
'ജനങ്ങളെ സേവിക്കുക എന്നത് എന്നത്തെയും എന്റെ ആഗ്രഹമാണ്. ഇന്ന് എന്റെ ജന്മദിനമാണ്. ഗോവയിലെ മപ്സ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തിനൊപ്പം ചേരാൻ ഞാൻ ഇന്നേ ദിവസം ആഗ്രഹിക്കുന്നു.' എന്ന് പ്രമോദ് സാവന്ത് ട്വിറ്ററിൽ കുറിച്ചു. 'കൊവിഡിനെ ഗോവയിൽനിന്ന് തുരത്താൻ സംസ്ഥാനത്തെ മെഡിക്കൽ ടീം രാപ്പകലില്ലാതെ ജോലിചെയ്തു. ഇപ്പോൾ ഡോക്ടർമാർ എന്നു കേൾക്കുമ്പോൾത്തന്നെ എല്ലാവർക്കും അഭിമാനമാണ്. സംസ്ഥാനത്തെ മെഡിക്കൽ ടീമിന് ആത്മവിശ്വാസം പകരാനാണ് ജന്മദിനത്തിൽ ഡോക്ടർ കുപ്പായം വീണ്ടുമണിഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രമോദ് സാവന്ത് പത്ത് വർഷത്തിലധികമായി ഡോക്ടർ ജോലി ഉപേക്ഷിച്ചിട്ട്.