daimabu-ambulans-
ദൈനബിയെ കയറ്റിയ ആംബുലൻസുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോം ജോസഫും, കോഴിക്കോട് കെ.എസ്‌.യു ജില്ലാ പ്രസിഡന്റ് വി. ടി നിഹാലും കാസർകോട് എത്തിയപ്പോൾ

കാസർകോട്: ലോക്ക് ഡൗൺ ദുരിതത്തിലായ വിദ്യാനഗർ മുട്ടത്തൊടി സ്വദേശിനി ദൈനബിയ്ക്ക് (50) വീട്ടിലെത്താൻ സഹായം ഒരുക്കി രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയും യൂത്ത് കോൺഗ്രസ് നേതാക്കളും. 48 മണിക്കൂർ നീണ്ടുനിന്ന ആറാമത്തെ കീമോ ചെയ്യാൻ തിരുവനന്തപുരം ആർ.സി.സി യിൽ എത്തിയ ദൈനബി ചികിത്സയ്ക്ക് ശേഷം ഇവരുടെ കൈത്താങ്ങിൽ സുരക്ഷിതമായി വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ വീട്ടിൽ തിരിച്ചെത്തി. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ആണ് ആംബുലൻസ് ഒരുക്കി ദൈനബിയെ ആർ.സി.സിയിൽ എത്തിച്ചിരുന്നത്. കീമോതെറാപ്പിക്ക് ശേഷം തിരികെ നാട്ടിലെത്താൻ ആംബുലൻസ് വിളിക്കാൻ ഇവരുടെ കൈയ്യിൽ പണമുണ്ടായിരുന്നില്ല. വിവരം അറിഞ്ഞ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ദൈനബിക്ക് നാട്ടിലെത്താൻ സഹായം ഒരുക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിനെ വിളിച്ച് ഏർപ്പാട് ചെയ്യുകയായിരുന്നു. യൂത്ത് കെയർ സേവന പരിപാടികളുടെ ഭാഗമായി നോയലും, യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് സന്തു ടോം ജോസും ദൗത്യം ഏറ്റെടുത്തു.

ഒരു ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്ന് ദൈനബിയെ കോഴിക്കോട് എത്തിച്ചു. അവിടെ കോഴിക്കോട് കെ.എസ്.‌യു ജില്ലാ പ്രസിഡന്റ് അഡ്വ. വി.ടി നിഹാൽ ആംബുലൻസുമായി സഹായത്തിനെത്തി. നീലേശ്വരം നഗരസഭാ കൗൺസിലർ ഇ. ഷജീർ ദൈനബിക്കും, അവരോടൊപ്പം ഉണ്ടായ പൊതുപ്രവർത്തക റംല ചെമ്പിരിക്കയ്ക്കും ബന്ധു അൽ അമീനും തളിപ്പറമ്പിൽ അത്താഴം ഒരുക്കി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.കെ രാജേന്ദ്രൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ സന്തു, വി.വി സുഹാസ് എന്നിവർ വിവിധ സ്ഥലങ്ങളിൽ സഹായത്തിനെത്തി.