pic-

കണ്ണൂർ : ലോക്ക്ഡൗൺ കർശനമാക്കി തുടങ്ങിയതോടെ കണ്ണൂർ ജില്ലയിൽ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളോടെ പൊലീസ് സജ്ജം. കാസർകോട് ജില്ലയിൽ ഐ.ജി വിജയ് സാഖറെ പരീക്ഷിച്ച് വിജയം കണ്ട നടപടികളുമായാണ് കണ്ണൂർ പൊലീസ് മുന്നേറുന്നത്. അരവിന്ദ് ശ്രീധർ, നവനീത് ശർമ്മ, യതീഷ്ചന്ദ്ര എന്നീ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജില്ലയിലെ പ്രവർത്തനങ്ങൾ മുന്നേറുന്നത്. തലശേരിയിൽ അരവിന്ദ് ശ്രീധറും തളിപ്പറമ്പിൽ നവനീത് ശർമ്മയ്ക്കുമാണ് ഏകോപന ചുമതല. ഡിവൈ.എസ്.പിമാർ ഓരോ കീഴുദ്യോഗസ്ഥർക്കും കൃത്യമായ നിർദ്ദേശങ്ങൾ നൽകി കാര്യങ്ങൾ കൃത്യമായി കൊണ്ടുപോകുന്നുണ്ട്. തലശേരി ഡിവിഷൻ പരിധിയിൽ 32 എസ്.ഐമാരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ബൈക്ക് പട്രോളിംഗിന് 38 പേരെയും നിയോഗിച്ചിട്ടുണ്ട്. നാട്ടിലെ മുക്കിനും മൂലയിലും പൊലീസുകാരെ നിയോഗിച്ചതിന് പുറമേയാണിത്. രോഗികളുമായി ബന്ധപ്പെട്ടിരിക്കാമെന്ന് സംശയിക്കുന്നവർ ഒരു കാരണവശാലും പുറത്ത് പോകാതിരിക്കാനുള്ള ജാഗ്രതയടക്കം പാലിക്കുന്നുണ്ട്.

ആരോഗ്യ വിഭാഗം പോലുള്ള അടിയന്തര സേവനങ്ങൾക്ക് മാത്രമേ ലോക്ക്ഡൗണിൽ നിന്നും ഇളവ് അനുവദിക്കുന്നുള്ളൂ. രോഗ തീവ്രതയുള്ള സ്ഥലങ്ങളെ ഉൾപ്പെടുത്തി മാപ്പിൽ രേഖപ്പെടുത്തിയാണ് പ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് തലശേരി ഡിവൈ.എസ്.പി പറഞ്ഞു. ജില്ലയിലെ എല്ലാ സബ് ഡിവിഷൻ പരിധിയിലും അതേ രീതിയാണ് അവലംബിക്കുന്നത്. കണ്ണൂർ നഗരത്തിലേക്കുള്ള പ്രവേശനം വളപട്ടണം പാലം, താണ എന്നിവിടങ്ങളിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കിയശേഷം മാത്രമാണ്. നഗരത്തിലെത്തുന്നവരെല്ലാം കുറഞ്ഞത് ഒരിടത്ത് നിന്നെങ്കിലും പൊലീസിന്റെ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുന്നുണ്ട്.

പ്രാദേശികമായ റോഡികളും കടകളുമെല്ലാം അടച്ചതോടെ ഹോം ഡെലിവറി മാത്രമാണ് ഇപ്പോഴത്തെ ആശ്രയം. നിരീക്ഷണത്തിലുള്ളവർ വീടിന് പുറത്തിറങ്ങുന്നത് മനസിലാക്കി നടപടി സ്വീകരിക്കാൻ മൊബൈൽ ആപ്പിന്റെ പ്രവർത്തനം ഇന്നലെ മുതൽ തുടങ്ങിയിട്ടുണ്ട്. ഇന്ന് ഉന്നത ഉദ്യോഗസ്ഥർ യോഗംചേർന്ന് ഇതടക്കമുള്ള കാര്യങ്ങൾ അവലോകനം ചെയ്യും. ലോക്ക്ഡൗൺ ലംഘിച്ചത് സംബന്ധിച്ച് ഇപ്പോഴും ജില്ലയിൽ ശരാശരി 300 കേസെങ്കിലും രജിസ്റ്റർ ചെയ്യുന്നതായി കണ്ണൂർ ഡിവൈ.എസ്.പി പി.പി സദാനന്ദൻ പറഞ്ഞു.

ഇരിട്ടി നഗരസഭ, കൂടാളി പഞ്ചായത്തുകൾ എന്നിവ പൂർണ്ണമായി അടച്ചു. ഇരിട്ടിയിൽ 24 സ്ക്വാഡുകളാണ് വീടുകളെ നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ടത്. കണ്ണൂർ സബ് ഡിവിഷൻ പരിധിയിൽ 120 കേസുകളാണ് ഇന്നലെ രജിസ്റ്റർചെയ്തത്.