electricity

കാസർകോട്: കത്തുന്ന വേനൽ ചൂടിൽ അടിക്കടി വൈദുതി മുടങ്ങുന്നത് കാസർകോട് ജില്ലയിലെ ജനങ്ങളെ കൊടും ദുരിതത്തിലാക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിലേറെയായി ഒരു മേഖലയിലാകെ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് പതിവായി. മുഗുറോഡ്, മുകാരികണ്ടം പരിസരങ്ങളിലാണ് ഇക്കഴിഞ്ഞ വിഷുവിനുശേഷം മുന്നറിയിപ്പില്ലാതെ വൈദ്യുതി ഒളിച്ചുകളിക്കുന്നത്.

ചെറുവത്തൂർ, തൃക്കരിപ്പൂർ, ഉദിനൂർ ഭാഗങ്ങളിലും വൈദ്യുതി മുടക്കം പതിവാണ്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഏതാണ്ട് അഞ്ചു മണിക്കൂറിലേറെയാണ് സീതാംഗോളി ഭാഗത്ത് വൈദ്യുതി മുടങ്ങിയത്. ശനിയാഴ്ച മുതലാണ് ഈ മേഖലകളിൽ വൈദ്യുതി മുടക്കം പതിവായത്. ഉച്ചയ്ക്ക് 12.30നു വൈദുതി പോയാൽ പിന്നെ വൈകിട്ട് നാലര, അഞ്ചു മണിക്കാണ് ബന്ധം പുനഃസ്ഥാപിക്കുക. വൈദുതി ലൈനുകളിൽ തകരാറുണ്ടായാൽ യഥാസമയം എത്താൻ ജീവനക്കാർക്ക് സാധിക്കുന്നുമില്ല.

ലോക്ക് ഡൗൺ സമയത്തെ പൊലീസ് പരിശോധനയും മറ്റും കടന്നുവേണം പലപ്പോഴും ജീവനക്കാർക്ക് വരാൻ. അതികഠിനമായ വേനൽ ചൂടാണ് മുഗുറോഡ്, മുകാരികണ്ടം, സീതാംഗോളി, പടന്ന, ചെറുവത്തൂർ എന്നിവിടങ്ങളിലാകെ. രാത്രിസമയങ്ങളിൽ വീട്ടിൽ കിടന്നുറങ്ങാൻ പോലും കഴിയാത്ത സാഹചര്യം. ഇതിനിടയിലാണ് പകൽ സമയങ്ങളിലെ ഒളിച്ചുകളിയും. ഉച്ചസമയങ്ങളിൽ പലരും അസഹ്യമായ ചൂടും കൊണ്ട് വീട്ടിലിരുന്ന് ദുരിതം അനുഭവിക്കുകയാണ്. ലോക്ക് ഡൗൺ നിർദ്ദേശം ഉള്ളതിനാൽ ആരും വീടുകളിൽ നിന്നും പുറത്തിറങ്ങാറേയില്ല.