pic-

കണ്ണൂർ: കർണാടകത്തിൽ നിന്നും ബർണ്ണാണി വഴി വനത്തിലൂടെ നടന്ന് വന്ന രണ്ട് പേർ പൊലീസ് പിടിയിൽ. പുലർച്ചെ 5 മണിക്ക് വീർപ്പാട് എന്ന സ്ഥലത്ത് വച്ചാണ് ഇവർ പൊലീസിന്റെ പിടിയിലായത്. കർണ്ണാടക മാണ്ഡ്യയിൽ പണിക്ക് പോയി തിരിച്ച് വരുകയായിരുന്ന ചാവശ്ശേരിപ്പറമ്പ് കോളനിയിലെ മാധവൻ, എടക്കാനം കോളനിയിലെ എം.കെ. ബിജു എന്നിവരാണ് പിടിയിലായത്. ഒന്നര മാസത്തോളം കർണ്ണാടകത്തിൽ കുരുമുളക് പറിക്കുന്ന പണിയിലായിരുന്നു ഇവർ.

ലോക്ക് ഡൗണിന് ശേഷം ഭക്ഷണവും വെള്ളവും കിട്ടാത്ത സാഹചര്യത്തിൽ ദിവസങ്ങളോളം വനത്തിലൂടെ നടന്നാണ് ഇവർ ആറളം പഞ്ചായത്തിലെ വീർപ്പാട് ഗ്രാമത്തിൽ എത്തിയത്. കണ്ണൂർ ജില്ലയിൽ ലോക്ക്ഡൗൺ കർശനമാക്കിയ സാഹചര്യത്തിൽ പൊലീസ് പട്രോളിംഗിനിടെ ഇവർ പിടിയിലാവുകയായിരുന്നു. ആറളം പൊലീസ് ഇൻസ്പെക്ടർ സുധീർ കല്ലൻ എ.എസ്.ഐ അബ്ദുൾ നാസർ, സി.പി.ഒ. ഷൈബിൻ തുടങ്ങിയവരാണ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്. പിടികൂടിയവരെ കണ്ണൂർ താണയിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.