kim

ബീജിംഗ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ആരോഗ്യം സംബന്ധിച്ച പല റിപ്പോർട്ടുകളും പുറത്ത് വരുന്നതിനിടെ, ചൈന പ്രത്യേക മെഡിക്കൽ സംഘത്തെ ഉത്തര കൊറിയയിലേക്ക് അയച്ചതായി റിപ്പോർട്ട്. എന്നാൽ, ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്നലെയാണ് സംഘം ചൈനയിൽ നിന്നും പ്രത്യേക സംഘം പുറപ്പെട്ടതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 15ന് നടന്ന മുത്തച്ഛനും രാഷ്ട്രപിതാവുമായ കിം ഇൽ സുഗിംന്റെ ജന്മദിനാഘോഷ പരിപാടിയിൽ കിം പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് ഊഹാപോഹങ്ങൾ ഉയർന്നത്. ഏപ്രിൽ 11നാണ് കിം അവസാനമായി പുറംലോകം കണ്ടത്.


അതേസമയം, ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ അത്യാസന്ന നിലയിലാണെന്ന റിപ്പോർട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയിട്ടുണ്ട്. ഇത് തെറ്റായ വാർത്തയാണെന്ന് കരുതുന്നെന്നും പഴയ രേഖകൾ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ പുറത്തുവിട്ട വാർത്തകളാണ് താൻ അറിഞ്ഞതെന്നുമാണ് ട്രംപ് ഇന്നലെ വ്യക്തമാക്കിയത്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില വഷളായെന്ന വാർത്തയ്ക്ക് പിന്നാലെ കിം സുഖം പ്രാപിക്കട്ടെ എന്ന് ട്രംപ് ആശംസ നേർന്നിരുന്നു. എന്നാൽ, കിമ്മിന് മസ്തിഷ്‌കാഘാതം സംഭവിച്ചുവെന്ന റിപ്പോർട്ടുകൾ ദക്ഷിണ കൊറിയ തള്ളിയിട്ടുണ്ട്. 36കാരനായ കിമ്മിന് ഗുരുതര രോഗമുണ്ടെന്നതിന് ഒരു തരത്തിലുളള സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചിട്ടുണ്ട്.