സാവോപോളോ : ബ്രസീലിയൻ സംസ്ഥാനമായ ആമസോണസിന്റെ തലസ്ഥാനവും ഏറ്റവും വലുതുമായ നഗരമാണ് മാനൗസ്. തിരക്കേറിയ ഈ ബ്രസീലിയൻ നഗരത്തിലെ ഇന്നത്തെ കാഴ്ചകളെ ലോകം വിശേഷിപ്പിക്കുന്നത് ഹൊറർ സിനിമകളിലേക്കാൾ ഭീകരമെന്നാണ്. ശീതീകരിച്ച ട്രക്കുകളിൽ തിങ്ങി നിറഞ്ഞിരിക്കുന്ന മൃതദേഹങ്ങൾ, സെമിത്തേരികളിൽ കൂട്ടശവക്കുഴികൾ കുഴിക്കാൻ സജ്ജമാക്കി നിറുത്തിയിരിക്കുന്ന ബുൾഡോസറുകൾ.
' ചെറിയ പനി ' എന്ന ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ വിശേഷിപ്പിച്ച കൊവിഡ് 19 രാജ്യത്ത് വിതച്ച നാശം എത്രത്തോളമാണെന്ന് ഈ കാഴ്ചകളിലൂടെ അളക്കാം. ദിനംപ്രതി നൂറിലേറെ പേർ മാനൗസിൽ മരിക്കുന്നതായാണ് കണക്ക്. ബ്രസീലിലെ ഏതൊരു സംസ്ഥാന തലസ്ഥാനത്തെക്കാളും ഉയർന്ന മരണനിരക്കാണ് മാനൗസിൽ. രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്നത് മാനൗസിലാണ്. ഇക്വഡോറിൽ ഗ്വായകിൽ എന്ന പോലെ ബ്രസീലിൽ മാനൗസ് ആണ് കൊവിഡിന്റെ ഏറ്റവും വലിയ ഹോട്ട്സ്പോട്ട്. ആശുപത്രികളില്ലാതെ നിരവധി പേർ ചികിത്സ ലഭിക്കാതെ സ്വന്തം വീടുകളിൽ മരിക്കുന്നുണ്ട്. ആമസോണസ് സംസ്ഥാനത്ത് വനാന്തരങ്ങളിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന ആദിമ ഗോത്രവിഭാഗങ്ങളെ പോലും കൊവിഡ് തേടിപ്പിടിച്ച് ആക്രമിച്ച് കൊണ്ടിരിക്കുകയാണ്.
കൊവിഡിനെ വെറും ജലദോഷപ്പനിയായി ചിത്രീകരിക്കുന്ന പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ ആകട്ടെ എത്രയും വേഗം കൊവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്യണമെന്ന് മുറവിളി കൂട്ടുകയാണ്. എന്നാൽ രാജ്യത്ത് ഇതേവരെ കൊവിഡ് രോഗികളുടെ എണ്ണം 54,043 ആയി. മരിച്ചവരുടെ എണ്ണം 3,704ഉം. രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും മുന്നിലുള്ള ലാറ്റിനമേരിക്കൻ രാജ്യം ബ്രസീലാണ്. ആമസോണസിൽ മാത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 200 ലേറെ മരണങ്ങളും 2, 500ഓളം പുതിയ കേസുകളുമാണ്. എന്നാൽ ഈ ഔദ്യോഗിക സംഖ്യകളുടെ ഇരട്ടിയിലധികമാണ് ആമസോണസിലെയും ബ്രസീലിലെയും കണക്കുകൾ എന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നുണ്ട്. കൊവിഡ് പരിശോധന ഇവിടെ വളരെ കുറവാണ്. പരിശോധന നടത്തിയവരെ മാത്രമേ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളു.
മാനൗസിലെ ആശുപത്രികളിലെല്ലാം രോഗികൾ നിറഞ്ഞ് കവിഞ്ഞു. ചില ആശുപത്രികൾക്ക് മുന്നിൽ ശീതികരിച്ച ട്രക്കുകൾ കാണാം. മരിക്കുന്നവരുടെ മൃതദേഹങ്ങൾ ഈ ശീതീകരിച്ച ട്രക്കുകളിലേക്ക് മാറ്റാതെ വേറെ വഴിയില്ല. മാനൗസിലെ സെമിത്തേരികളിൽ കൊവിഡ് ബാധിച്ച് മരിച്ചവരെ കൂട്ടശവക്കുഴികളിലാണ് സംസ്കരിക്കുന്നത്. സംസ്കാരച്ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർക്ക് പ്രവേശനമില്ല. ശവക്കുഴികൾ തയാറാക്കുന്നവർക്ക് പോലും വൈറസ് ബാധയുണ്ടാകുന്ന സ്ഥിതിയാണിപ്പോൾ ഇവിടെ. ഇതോടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ പോലും ആളെ കിട്ടാതെ വരികയാണ്. ബൊൽസൊനാരോ ഇതിനൊക്കെ എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കണമെന്നാണ് ആമസോണസ് സംസ്ഥാനത്തിലെ മേയർമാരുടെ അപേക്ഷ.
മാനൗസിൽ പ്രാദേശിക ഭരണകൂടങ്ങൾ ചേർന്ന് ഒരു താത്കാലിക ആശുപത്രി തയാറാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് ഡോക്ടർമാരെ ആവശ്യമുണ്ട്. നഗരത്തിൽ തീവ്രപരിചരണ വിഭാഗങ്ങളിലെ കിടക്കകളിൽ 90 ശതമാനവും നിറഞ്ഞ് കഴിഞ്ഞു. ആമസോണസിൽ തീവ്രപരിചരണ വിഭാഗങ്ങളും 80 ശതമാനം ഡോക്ടർമാരും കേന്ദ്രീകരിച്ചിരിക്കുന്നത് മാനൗസിലാണ്. ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ, എക്സ്റേ മെഷീനുകൾ, സ്കാനറുകൾ തുടങ്ങിയവയ്ക്കെല്ലാം ഇവിടെ ക്ഷാമവുമുണ്ട്. ആമസോണസസിലെ ബാക്കി 61 മുൻസിപ്പാലിറ്റികളിലെ രോഗികളും ചികിത്സയ്ക്കായി മാനൗസിനെയാണ് ആശ്രയിക്കുന്നത്. ഇതിൽ 18 മുൻസിപ്പാലിറ്റികൾക്കാണ് മാനൗസുമായി റോഡ് മാർഗം ബന്ധമുള്ളത്. മറ്റുള്ളവ നദികടന്ന് എത്തേണ്ടവയും.
ബ്രസീലിൽ ഏറ്റവും കൂടുതൽ ഗോത്രവർഗക്കാർ കാണപ്പെടുന്ന സംസ്ഥാനം ആമസോൺ ആണ്. ഇവർക്ക് കൊവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളോട് പൊരുതാനുള്ള പ്രതിരോധശേഷി വളരെ കുറവുമാണ്. ഇതേ വരെ മൂന്ന് ഗോത്രവർഗക്കാർ കൊവിഡ് ബാധിച്ച് മരിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. രോഗം സ്ഥിരീകരിച്ച 31 ഗോത്രവർഗക്കാരിൽ 15 പേർ മാനൗസിലാണ് ചികിത്സയിലുള്ളത്. ഗോത്രവർഗക്കാർക്ക് മാത്രമായി ഒരു ആശുപത്രി നിർമിക്കുമെന്ന് ബൊൽസൊനാരോ സർക്കാർ വാക്കു നൽകിയെങ്കിലും പ്രാദേശിക ഭരണകൂടങ്ങൾ ഇപ്പോഴും അതിനായി കണ്ണുംനട്ട് കാത്തരിപ്പിലാണ്.
അത്യാപത്തിലേക്കാണ് ആമസോണസ് സംസ്ഥാനവും മാനൗസ് നഗരവും നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. മാനൗസിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് സമീപം മരിച്ച കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അതേ സമയം, കൊവിഡിനെ നിയന്ത്രിക്കാൻ ആമസോണസ് സംസ്ഥാനത്ത് ഗവർണർ നടപ്പാക്കിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ബൊൽസൊനാരോ അനുകൂലികൾക്ക് ഒരു കുറവുമില്ല.