pp

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായി കരുതുന്ന അന്റാർട്ടിക്കയിലെ എ 68ന്റെ വലിപ്പം കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി. 2017 ജൂലായ് മുതൽ 5100 സ്‌ക്വയർ കിലോമീറ്റർ വലിപ്പമുള്ള ഈ മഞ്ഞുമല അന്റാർട്ടിക്കയിൽ നിന്ന് വിട്ട് മാറി സമുദ്രോപരിതലത്തിൽ ഒഴുകി നടക്കുന്ന രീതിയിലായിരുന്നു. വ്യാഴാഴ്ച കണ്ടെത്തിയ ഈ മഞ്ഞുമലയിൽ 175 സ്‌ക്വയർ കിലോമീറ്റർ വലിപ്പമുള്ള ഒരു ഭാഗം പൊട്ടിപ്പോയ നിലയിലാണ്.

അടുത്തിടെയാണ് അന്റാർട്ടിക്ക് ഉപദ്വീപിന് വടക്ക് ഭാഗത്തേക്ക് ഒഴുകുന്ന നിലയിൽ മഞ്ഞുമലയെ കണ്ടെത്തിയത്. എ 68ന്റെ സഞ്ചാരപഥം കൃത്യമായി പിന്തുടരുന്ന ഗവേഷകനായ പ്രൊഫ. ആഡ്രിയാൻ ലൂക്കമാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വലിയ ഭാഗങ്ങൾ പൊട്ടിപ്പോകുന്നത് എ 68ന്റെ അന്ത്യത്തിന് കാരണമാകുമെന്നാണ് ആഡ്രിയാൻ ലുക്ക്മാൻ പറയുന്നത്.

യു.എസ് നാഷണൽ ഐസ് സെന്ററിന്റെ വർഗീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മഞ്ഞുമലയ്ക്ക് എ 68 എന്ന പേര് നൽകിയത്. സൗത്ത് അറ്റ്ലാന്റിക്കിലെ താരമ്യേന ഊഷ്മാവ് കൂടിയ ജലമാകാം ഇത്തരത്തിൽ വമ്പൻ മഞ്ഞുമല തകരാൻ കാരണമെന്നാണ് ലുക്ക്മാൻ പറയുന്നത്. എ 68 ഏറെ താമസിയാതെ പൊട്ടിത്തകർന്ന് ചെറിയ ഭാഗങ്ങളാവുമെന്നാണ് ലുക്ക്മാന്റെ നിരീക്ഷണം. ഈ മഞ്ഞുമലയുടെ തകർന്ന ഭാഗങ്ങൾ സമുദ്രത്തിൽ വർഷങ്ങളോളം കാണുമെന്നാണ് ലുക്ക്മാൻ പറയുന്നത്.