ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ നിരവധി മനുഷ്യരുണ്ട്. ഇവരെ സഹായിക്കുന്നതിന് സെലിബ്രിറ്റികൾ രംഗത്തെത്തിയിട്ടുണ്ട്. കഷ്ടതയനുഭവിക്കുന്ന സ്വന്തം ആരാധകർക്കും കൊവിഡ് കാലത്ത് ധനസഹായം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് വിജയ്. നിരവധി ആരാധകർക്ക് 5000 രൂപ വീതം ലഭിച്ചു കഴിഞ്ഞു. വിജയ് പണമയച്ചതിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
നടൻ വിജയ് 1.30 കോടി രൂപയാണ് വിവിധ സർക്കാരുകൾക്കായി നല്‍കിയത്. കേന്ദ്രസർക്കാർ, തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ്, പുതുച്ചേരി സർക്കാരുകൾക്കും ഫെഫ്‌സി യൂണിയനുമായാണ് തുക നല്‍കിയത്. അതു കൂടാതെയാണ് ഇപ്പോൾ ആരാധകർക്കായുള്ള സഹായ വിതരണവും. അമ്പത് ലക്ഷം രൂപ ആരാധകർക്കായി മാറ്റി വച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കേരളത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയാണ് വിജയ് കൈമാറിയത്.