തിരുവനന്തപുരം. ജീവനക്കാർക്ക് സാലറി കട്ട് ഏർപ്പെടുത്തിയ സർക്കാർ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെയും പൊലീസിനെയും നിർബന്ധമായും അതിൽനിന്ന് ഒഴിവാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.വലിയ ബുദ്ധിമുട്ട് സഹിച്ചാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അവർ ഏർപ്പെടുന്നത്.മന്ത്രിമാരുടെയും എം.എൽ.എമാരുടേയും ശമ്പളം പിടിക്കുന്നത് നല്ലകാര്യമാണ്.എന്നാൽ പ്രതിമാസം ഏഴായിരം രൂപ മാത്രം ലഭിക്കുന്ന തദ്ദേശ മേഖലയിലെ ജനപ്രതിനിധികളിൽ നിന്നും അതേതോതിൽ പിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.
സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആദ്യം ചെയ്യേണ്ടത് സാഹചര്യത്തിനനുസരിച്ച് ചെലവ് ചുരുക്കലാണ്.അനാവശ്യ ചെലവുകൾ വളരെയധികം കൂടുന്നു.ചെലവ് ചുരുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും മുൻകൈയ്യെടുക്കണം. പ്രതിപക്ഷം ഇക്കാര്യത്തിൽ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ സർക്കാർ കണക്കിലെടുക്കണമായിരുന്നു.കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ സംസ്ഥാനങ്ങളെ സഹായിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമർശനങ്ങൾക്ക് മുഖ്യമന്ത്രി
മറുപടി പറയണമായിരുന്നു
കൊവിഡ് പ്രതിരോധത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ രാഷ്ട്രീയ നേട്ടമായി മാറുമോയെന്ന പ്രതിപക്ഷത്തിന്റെ ആശങ്കമൂലമാണോ സ് പ്രിൻക്ളർ വിഷയം ഉന്നയിച്ചതെന്ന ചോദ്യത്തിന് ഉമ്മൻചാണ്ടിയുടെ മറുപടി ഇങ്ങനെ-- " അതൊക്കെ കേരളത്തിലെ ജനങ്ങൾ മനസിലാക്കുന്നുണ്ട്.അവർ വിലയിരുത്തും.സ് പ്രിൻക്ളർ മുഖ്യമന്ത്രിയുടെ പ്രതിശ്ചായയ്ക്ക് മങ്ങലേൽപ്പിച്ചോ ഇല്ലയോയെന്നൊക്കെ തീരുമാനിക്കേണ്ടതും ജനങ്ങളാണ്.ഇനി ഏതെങ്കിലും വിഷയത്തിൽ മങ്ങലേറ്റിട്ടുണ്ടെങ്കിൽ ഉത്തരവാദി മുഖ്യമന്ത്രി തന്നെയാണ്.ഇതുപോലൊരു വിമർശനം വന്നാൽ അതിനു മറുപടി പറയുകയെന്നതാണ് ഏറ്റവും പ്രധാനം.കാര്യങ്ങൾ തുറന്നു പറയണം .മുഖ്യമന്ത്രിയിൽ നിന്ന് അതാണ് പ്രതീക്ഷിക്കുന്നത്.പ്രതിപക്ഷനേതാവ് ഉന്നയിച്ച കാര്യങ്ങൾക്ക് മുഖ്യമന്ത്രി നിശ്ചയമായും മറുപടി പറയണമായിരുന്നു.മറുപടി പറയാതെ ഒഴിഞ്ഞുമാറിയപ്പോൾ എന്തോ ഇതിൽ മറച്ചുവയ്ക്കാനുണ്ടെന്ന നിലയിലായി കാര്യങ്ങൾ.അസഹിഷ്ണുത ഒരിക്കലും പാടില്ല.ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരും വിമർശനത്തിന് വിധേയരാണ്.ആക്ഷേപം വരും,എതിർപ്പുവരും,പ്രതിഷേധം വരും .ചിലപ്പോൾ അത് തെറ്റിദ്ധാരണയുടെ പേരിലായിരിക്കും. അപ്പോൾ അതെന്താണെന്നറിയാനുള്ള സ്വാതന്ത്ര്യം ആക്ഷേപം ഉന്നയിക്കുന്ന ആൾക്കല്ല.ജനങ്ങൾക്കാണ്.അത് മുഖ്യമന്ത്രി മനസിലാക്കേണ്ടിയിരുന്നു.പ്രതിപക്ഷനേതാവ് എന്ന നിലയിൽ രമേശ് ഉന്നയിച്ച വിഷയങ്ങളിൽ മറുപടി പറയുന്നത് രമേശിനോടല്ല.കേരളത്തിലെ ജനങ്ങളോടാണ്.മറുപടി കേൾക്കാൻ കാത്തിരുന്നത് ജനങ്ങളാണ്.അവിടെയാണ് അസഹിഷ്ണുത പ്രകടിപ്പിച്ചില്ലേയെന്ന സംശയമുണ്ടായത്.സോളാർ കേസ് വന്നപ്പോൾ നിയമസഭയിൽ അടുത്തടുത്ത ദിവസങ്ങളിൽ ഒമ്പത് അടിയന്തര പ്രമേയമാണ് കൊണ്ടുവന്നത്.ഒരു വിഷയത്തിൽ ഒന്നിലധികം അടിയന്തര പ്രമേയങ്ങൾ കൊണ്ടുവരാൻ പാടില്ലെന്നാണ് ചട്ടം.പ്രമേയത്തിന് നോട്ടീസ് ലഭിച്ചപ്പോൾ സ്പീക്കർ എന്നോട് ചോദിച്ചിരുന്നു.എന്നോട് ചോദിക്കേണ്ട സമ്മതിച്ചോളാനാണ് ഞാൻ പറഞ്ഞത്.മറുപടി പറയാൻ എനിക്ക് മടിയില്ലായിരുന്നു.
പത്ര സമ്മേളനം നടത്തുന്നതിൽ
അഭിപ്രായ വ്യത്യാസമില്ല
എന്നും വൈകിട്ട് മുഖ്യമന്ത്രി വാർത്താ സമ്മേളനങ്ങൾ നടത്തുന്നത് അഭിപ്രായ വ്യത്യാസമുള്ള കാര്യമല്ല.അത് മുഖ്യമന്ത്രിക്ക് തീരുമാനിക്കാവുന്ന കാര്യമാണ്.ഉദ്യോഗസ്ഥർ പറയുന്നതിനേക്കാൾ വിശ്വാസ്യത ജനങ്ങൾക്ക് മുഖ്യമന്ത്രി പറയുമ്പോൾ തോന്നുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.സ് പ്രിൻക്ളർ വിഷയത്തിൽ സർക്കാർ നടപടിക്രമങ്ങൾ പാലിച്ചില്ല.അസാധാരണസാഹചര്യത്തിൽ അസാധാരണ തീരുമാനം എടുക്കേണ്ടി വരാം.എന്നാൽ അടുത്തുചേരുന്ന മന്ത്രിസഭായോഗത്തെ അത് അറിയിക്കാം.പത്രസമ്മേളനത്തിൽ ജനങ്ങളോട് പറയാം.ജനങ്ങൾക്കുവേണ്ടി സ്വീകരിച്ച നടപടി ജനങ്ങളിൽ നിന്ന് മറച്ചുവെച്ചതെന്തിനാണെന്ന് ഉമ്മൻചാണ്ടി ചോദിച്ചു.
യു.ഡി.എഫിനെ തോൽപ്പിക്കാൻ
യു.ഡി.എഫിനെ സാധിക്കു
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന കാര്യത്തിൽ സംശയമില്ല.യു.ഡി.എഫ് ശക്തമാണ്.ഒറ്റക്കെട്ടാണ്. യു.ഡി.എഫിന് വീഴ്ചകൾ വരുമ്പോഴെ എൽ.ഡി.എഫിന് മുൻതൂക്കമുണ്ടാവുകയുളള്ളു.യു.ഡി.എഫിനെ തോൽപ്പിക്കാൻ യു.ഡി.എഫിനു മാത്രമെ കഴിയുകയുള്ളുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.താൻ യു.ഡി.എഫിനെ നയിക്കണമെന്ന ആവശ്യം ഉയർന്നുവരുന്നതായി അറിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
( അഭിമുഖത്തിന്റെ പൂർണ്ണരൂപം ഇന്ന് രാത്രി 9 മണിക്ക് കൗമുദി ടിവിയിൽ).