marriage

ജംഷഡ്പുർ: ബന്ധുവിന്റെ വിവാഹ റിസപ്ഷന് എത്തിയവർ ലാേക്ക്ഡൗണിൽ കുടുങ്ങി ടെറസിലായി. സ്റ്റീൽ നഗരമായ ജംഷഡ്പുരിലെത്തിയ ഒഡിഷയിലെ റൂർക്കല, ബാലൻഗിർ എന്നിവിടങ്ങളിൽ നിന്നുള്ള 55 പേരാണ് സ്വന്തം വീടുകളിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം മാർച്ച് 21നാണ് റിസപ്ഷനിൽ പങ്കെടുക്കാനെത്തിയത്. ഇതിന് പിന്നാലെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതോടെ സംഘത്തിന്റെ തിരിച്ചപോക്ക് മുടങ്ങി. സോനാരി പൊലീസ് സ്റ്റേഷന് കീഴിലുള്ള പാർദെസിപാരയിലുള്ള ഒരു കെട്ടിടത്തിന്റെ ടെറസിലാണ് 55 പേരും കഴിയുന്നത്.

സാമൂഹിക അകലമില്ല, പകൽ കനത്ത ചൂടും വൈകിട്ട് കനത്ത മഴയും. ഇത് തങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഇവർ. കുടുങ്ങിക്കിടക്കുന്നവർക്ക് ബന്ധുക്കളായവർ തന്നെയാണ് ഇപ്പോൾ ഭക്ഷണം നൽകുന്നത്. ദിവസവും ഇത്രയും പേർക്ക് ഭക്ഷണം നൽകുക എന്നത് വിഷമകരമായ കാര്യമാണെന്ന് ബന്ധുക്കളിലൊരാൾ പറഞ്ഞു. ഇത്രയും പേർക്ക് ഒരു ദിവസത്തെ ഭക്ഷണം പാകം ചെയ്യാൻ ധാരാളം ഗ്യാസ് ആവശ്യമാണ്. ഒരു സിലിണ്ടർ രണ്ട് ദിവസം കൊണ്ട് തീരുന്ന അവസ്ഥയാണുള്ളതെന്നും ബന്ധുക്കൾ പറയുന്നു.