beverage

ന്യൂഡൽഹി: കടകൾ തുറക്കാൻ അനുമതി നൽകി ലോക്ക് ഡൗണിൽ വരുത്തിയ ഇളവ് മദ്യശാലകൾക്കു ബാധകമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലായം. മദ്യവിൽപ്പനയ്ക്ക് നേരത്തെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരുമെന്ന് മന്ത്രാലയം വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി. ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിക്കൊണ്ട് ഇന്നലെ രാത്രിയാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഏതെല്ലാം കടകൾ തുറക്കാം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പം വന്നതോടെയാണ് രാവിലെ മന്ത്രാലയം വിശദീകരണക്കുറിപ്പിറക്കിയത്.

ഗ്രാമപ്രദേശങ്ങളിൽ ഷോപ്പിംഗ് മാളുകൾ പ്രവർത്തിക്കുന്നത് ഒഴികയുള്ള എല്ലാ കടകളും തുറക്കാം. നഗര പ്രദേശങ്ങളിൽ ഒറ്റയായി പ്രവർത്തിക്കുന്ന കടകളും റെസിഡൻഷ്യൽ കോംപ്ലക്സുകളിലെ കടകളും തുറക്കാം. ചന്തകൾ, മറ്റു വിപണന കേന്ദ്രങ്ങൾ എന്നിവയിലെ കടകൾക്ക് അനുമതിയില്ല.

ഇ- കൊമേഴ്സ് കമ്പനികൾ ഓൺലൈനിലൂടെ നടത്തുന്ന വിൽപ്പനയ്ക്ക് അവശ്യ വസ്തുക്കൾക്കു മാത്രമേ അനുമതിയുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാന സർക്കാരുകൾ രോഗവ്യാപന സാദ്ധ്യതയുള്ള മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകൾക്ക് ഇളവുകൾ ബാധകമല്ല.