വളരെ ഗൗരവത്തിൽ എന്തോ എഴുതി കൊണ്ടിരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസൻ. ഗൗരവം കണ്ട് തെറ്റിദ്ധരിക്കേണ്ട, എഴുതുന്നത് പുതിയ ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഒന്നുമല്ല, യൂട്യൂബിൽ നിന്ന് ബിരിയാണി റെസിപ്പി കോപ്പിയടിക്കുകയാണെന്നാണ് താരത്തിന്റെ ഭാര്യ ദിവ്യ പറയുന്നത്. വിനീതിന്റെ ലോക്ക് ഡൗൺ ജീവിതം ഇങ്ങനെയൊക്കെയാണെന്ന് പറയുകയാണ് ദിവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം.
വിനീതിന്റെ മുഖത്തെ ഗൗരവം അപാരമാണെന്ന് ആരാധകർ കമന്റ് കുറിച്ചു. സോഷ്യൽ മീഡിയയിലും താരമായ വിനീത് തന്റെ ഇൻസ്റ്റ പേജിലൂടെ ഭാര്യയ്ക്കും മക്കൾക്കുമുള്ള ചിത്രങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.
വിനീതിനും ദിവ്യയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂ. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ താരം ഇൻസ്റ്റയിലൂടെ ഷെയർ ചെയ്യാറുണ്ട്. സിനിമാജീവിതത്തിൽ ഏറെ തിരക്കുകളുള്ളയാളാണെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കാറുണ്ട് വിനീത്. ഷനയ ദിവ്യ വിനീത് എന്നാണ് മകൾക്ക് പേര് നല്‍കിയിരിക്കുന്നത്. 2012 ഒക്ടോബർ 18നാണ് വിനീത് ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ദിവ്യയെ വിവാഹം ചെയ്യുന്നത്. വിഹാൻ എന്നൊരു മകൻ കൂടിയുണ്ട് ഇവർക്ക്.