pic

ന്യൂഡൽഹി: ഡൽഹി മൃഗശാലയിൽ ചത്ത വെള്ളക്കടുവയ്ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരണം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൃഗശാലയില്‍ വച്ച് ചത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. കടുവയുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.കല്‍പ്പന എന്ന് പേരുള്ള വെള്ളക്കടുവയാണ് കഴിഞ്ഞ ദിവസം പ്രായാധിക്യവും വൃക്ക സംബന്ധമായ അസുഖവും കാരണം ചത്തത്. കൊവിഡ് മൂലമാണ് മരണമെന്ന് സംശയിക്കാനുള്ള യാതൊരു ലക്ഷണവും കടുവയ്ക്ക് ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ പറ‌ഞ്ഞു.

കടുവയുടെ സാമ്പിളുകള്‍ ബറെയ്ലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കടുവയ്ക്ക് കൊവി‍ഡ് ഇല്ലെന്ന് വ്യക്തമായത്. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് വെള്ളക്കടുവ ചത്തത്. വ്യഴാഴ്ച കടുവയെ സംസ്കരിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ചുരുങ്ങിയ ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ചടങ്ങുകള്‍ നടത്തിയത്.