kaumudy-news-headlines

1. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന തീരുമാനത്തില്‍ പുന പരിശോധന ഉണ്ടാവില്ല എന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ശമ്പളം പിടിക്കലല്ല, കൊടുക്കേണ്ട ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുക ആണ് ചെയ്യുന്നത്. പ്രതിസന്ധി നേരിടാന്‍ സര്‍ക്കാരിന് ഇത്തരം നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. ശമ്പളം മാറ്റിവയ്ക്കുന്നതും ആയി ബന്ധപ്പെട്ട് നിരവധി അപേക്ഷകളും നിര്‍ദേശങ്ങളും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അത് സമയം എടുത്ത് പരിശോധിക്കും. ശമ്പളം മാറ്റിവെയ്ക്കുന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. കേന്ദ്രത്തില്‍ ശമ്പളം പിടിക്കലാണ് നടപ്പിലാക്കുന്നത്. ഡി.എ കുറയ്ക്കും എന്ന് കേന്ദ്രംഅറിയിച്ചു. ഇതില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് കേരളം സ്വീകരിച്ചിരിക്കുന്നത്.


2. എന്നാല്‍ ഇതിനെതിരെ ഉത്തരവ് കത്തിച്ചു കൊണ്ടാണ് അദ്ധ്യാപക സംഘടനകള്‍ പ്രതിഷേധിച്ചത്. അത് വളരെ ദൗര്‍ഭാഗ്യകരം ആണെന്നും തോമസ് ഐസക്ക് പറഞ്ഞു. അദ്ധ്യാപകര്‍ വീട്ടിലിരിക്കുക ആണ്. കേരളത്തിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഒരു ദിവസത്തെ കൂലി പോലും കിട്ടിയിട്ടില്ല. താത്ക്കാലികമായി അവര്‍ക്ക് സഹായം കൊടുക്കാന്‍ ശമ്പളമൊന്നു മാറ്റിവെയ്ക്കണം എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുന്ന അദ്ധ്യാപകര്‍ എന്ത് സാമൂഹിക ബോധമാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നത് എന്നും ഐസക്ക് കുറ്റപ്പെടുത്തി.
3. അതേസമയം, കേരളത്തില്‍ കൂടുതല്‍ ഇളവ് പരിഗണിക്കുന്നു എന്ന് മന്ത്രി ഇ.പി ജയരാജന്‍. ഗ്രാമങ്ങളിലേക്ക് സാധനം എത്തിക്കാന്‍ ഗോഡൗണുകള്‍ അടക്കം തുറക്കേണ്ടി വരും. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
4. ഓറഞ്ച് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ ഇന്നു മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. ഹോട്ട് സ്‌പോട്ടുകളിലും രോഗം കൂടുതല്‍ ബാധിച്ച സ്ഥലങ്ങളിലും പൂര്‍ണ പ്രതിരോധം ഒരുക്കും. കോവിഡ് 19 മായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ആറു ഹോട്ട്സ്‌പോട്ടുകള്‍ ആണ് ഉള്ളത്. അതിനിടെ, കോട്ടയത്ത് രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആകാതെ ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച ചുമട്ട് തൊഴിലാളിക്കും ആരോഗ്യ പ്രവര്‍ത്തകനും രോഗം പടര്‍ന്നത് എവിടെ നിന്നെന്ന് കണ്ടെത്താന്‍ ആയില്ല.
5. കോട്ടയം ചന്തയിലെ മുഴുവന്‍ ചുമട്ട് തൊഴിലാളികളെയും നിരീക്ഷണത്തില്‍ ആക്കി. ചന്തയില്‍ എത്തിയ പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവറില്‍ നിന്നാണ് ചുമട്ട് തൊഴിലാളിക്ക് രോഗം പടര്‍ന്നതെന്ന നിഗമനത്തില്‍ ആയിരുന്നു ആരോഗ്യവകുപ്പ്. പരിശോധനയില്‍ ഡ്രൈവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചതോടെ ആണ് ആശങ്ക വര്‍ധിച്ചത്. ഉറവിടം കണ്ടെത്താന്‍ ആകാത്ത സാഹചര്യത്തില്‍ ചന്തയിലെ മുഴുവന്‍ ചുമട്ട് തൊഴിലാളികളുടെയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയ്ക്കും. ഇവരെ വീടുകളില്‍ ക്വാറന്റീനിലാക്കി.
6. സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് താത്കാലികം ആയി വര്‍ധിപ്പിക്കണം എന്ന് ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നല്കണം എന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്തമ്പോള്‍ ഉള്ള നഷ്ടം നികത്തനാണ് ഇത്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കഴിഞ്ഞാലും ബസ്സുകള്‍ ഉടന്‍ നിരത്തില്‍ ഇറക്കില്ലെന്ന് സ്വകാര്യ ബസ്സ് ഉടമകള്‍ വ്യക്തമാക്കി ഇരുന്നു. സര്‍വീസുകള്‍ താത്കാലികമായി നിറുത്തി വയ്ക്കാനായി ഉടമകള്‍ സ്റ്റോപ്പേജ് അപേക്ഷ നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ നിബന്ധന അനുസരിച്ച് സര്‍വീസ് നടത്തിയാല്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കും എന്നാണ് ഉടമകള്‍ പറയുന്നത്.
7. ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തിലേക്ക്. ആകെ രോഗബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 6000ത്തില്‍ അധികം പേരാണ് ലോകത്താകെ മരിച്ചത്. ഒരു ലക്ഷത്തില്‍ അധികം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ഇതുവരെ 7,81,000ത്തില്‍ അധികം പേര്‍ക്ക് രോഗം ഭേദമായി. അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മരണസംഖ്യ ഉയരുക ആണ്. ബ്രിട്ടനില്‍ 700ലധികം പേരും ഇറ്റലിയില്‍ 400ലധികം പേരുമാണ് 24 മണിക്കൂറിനിടെ മരിച്ചത്. അമേരിക്കയില്‍ മാത്രം മരിച്ചവരുടെ എണ്ണം 52,000 കവിഞ്ഞു. 24 മണിക്കൂറിനിടെ 3,332 പേരാണ് കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചത്. ഒരു ലക്ഷത്തോളം ആളുകള്‍ക്ക് രോഗം ഭേദമായെങ്കിലും 7 സംസ്ഥാനങ്ങളില്‍ പ്രതിസന്ധി അയവിലാതെ തുടരുക ആണ്. വീട്ടില്‍ നിന്ന് തന്നെ കോവിഡ് ബാധ പരിശോധിക്കുന്നതിന് ഉള്ള കിറ്റിന് അമേരിക്ക ആദ്യമായി അംഗീകാരം നല്‍കി.
8. വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ചെറിയ കടകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഇന്നലെ അര്‍ദ്ധ രാത്രിയോടെ ആണ് ഉത്തരവ് പുറത്ത് ഇറക്കിയത്. ഹോട്ട്സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കം. എന്നാല്‍ മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല. മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകളിലെ ഷോപ്പുകള്‍ തുറക്കരുത് എന്ന് ഉത്തരവ്.
9. അതേസമയം, മാസ്‌ക്, കയ്യുറകള്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു. ഈ കടകളില്‍ 50 ശതമാനം ജോലിക്കാരെ മാത്രമേ അനുവദിക്കുകയുള്ളു. എന്നാല്‍ ഹോട്ട്സ്‌പോട്ടുകള്‍ക്ക് ഇളവുകള്‍ ബാധകമല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. നഗരസഭാ, കോര്‍പറേഷന്‍ പരിധിക്ക് പുറത്ത് ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം അതത് സംസ്ഥാന -കേന്ദ്ര ഭരണപ്രദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കടകള്‍, പാര്‍പ്പിട സമുച്ചയങ്ങളിലേയും മാര്‍ക്കറ്റ് സമുച്ചയങ്ങളിലേയും കടകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം.
10.കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിലെ സാഹചര്യം വിലയിരുത്താന്‍ രണ്ടാം കേന്ദ്ര സംഘം ഇന്ന് ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളില്‍ എത്തും. അഹമ്മദാബാദ്, സൂറത്ത്, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും. പരാതി ഉയര്‍ന്നിട്ടുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാന സര്‍ക്കാരിന് വേണ്ട പരിഹാര നിര്‍ദേശങ്ങള്‍ നല്‍കും. കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മന്ത്രിതല സംഘത്തിന് രൂപം നല്‍കി.