ravi-vallathol

തിരുവനന്തപുരം : പ്രശസ്ത സിനിമ സീരിയൽ താരം രവി വള്ളത്തോൾ (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

ഗാനരചയിതാവായിട്ടായിരുന്നു സിനിമ രംഗത്തേക്ക് കടന്നുവന്നത്. 1976ല്‍ പുറത്തിറങ്ങിയ മധുരം തിരുമധുരം എന്ന സിനിമയിലെ താഴ്‍വരയില്‍ മഞ്ഞുപെയ്‍തു എന്ന ഗാനമാണ് ആദ്യമായി എഴുതിയത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987ൽ പുറത്തിറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് നാലുപെണ്ണുങ്ങൾ, വിധേയൻ, ഗോഡ്ഫാദർ, ഇടുക്കി ഗോൾഡ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു.

ഒരുകാലത്ത് സീരിയൽ രംഗത്തെ നിറസാന്നിധ്യമായിരുന്നു. 1986ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത 'വൈതരണി'യിലൂടെയാണ് സീരിയൽ രംഗത്തേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ടി.എൻ. ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ.അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.

രവി വള്ളത്തോൾ ഇരുപത്തി അഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്‌.മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മരുമകനാണ്. സൗദാമിനിയാണ് മാതാവ്. ഭാര്യ: ഗീതലക്ഷ്മി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി ഭാര്യയ്ക്കൊപ്പം ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്.