pic-

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 ജനങ്ങളെയും സർക്കാരുകളെയും ഭീതിയുടെ മുൾമുനയിൽ നിർത്തുമ്പോഴും രോഗ വിമുക്തരായവർ പ്രതീക്ഷയാവുകയാണ്. രോഗ ബാധിതർ കാൽലക്ഷത്തിലേക്ക് എത്തുമ്പോൾ തന്നെ രോഗമുക്തി നേടിയവർ 5,000 കടന്നതാണ് പ്രതീക്ഷയേകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായിട്ടു കൂടി ഇത്രത്തോളം ആരോഗ്യ വിപ്ലവം തീർക്കാനായത് ഇന്ത്യയുടെ ഇച്ഛാശക്തിയാണ് തെളിയിക്കുന്നത്. കഴിഞ്ഞ ദിവസം 1429 പുതിയ കൊവിഡ് കേസുകളും 57 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്


കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 24,506 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,063 പേരുടെ രോഗം ഭേദമായി. രോഗബാധിതരിൽ 20 ശതമാനത്തോളം ആളുകൾക്കും ഭേദമായി. ഇതാണ് ആത്മവിശ്വാസം നൽകുന്നത്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ 840 പേർക്ക് രോഗമുക്തി ലഭിച്ചു. 1755 പേർക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിൽ 866 പേരും രോഗം ഭേദപ്പെട്ട് ആശുപത്രി വിട്ടു. കേരളത്തിലും 331 പേർ രോഗമുക്തരായതും പ്രതീക്ഷ പകരുന്നു.

കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിയിരുന്നില്ലെങ്കിൽ രോഗികളുടെ എണ്ണം രണ്ട് ലക്ഷം തികച്ചേനേയെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പ്രതിദിന വർദ്ധന 1.8 ശതമാനം മാത്രമായി ഒതുങ്ങിയിട്ടുണ്ട്. രാജ്യത്ത് ഇത് 8.1 ശതമാനമാണ്. മാർച്ച് 24ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ രോഗ ബാധിതർ 21.6 ശതമാനമാണ് വർദ്ധിച്ചിരുന്നത്.

അതേസമയം, മഹാരാഷ്ട്രയാണ് ആശങ്ക പരത്തുന്നത്. ഇവിടെ 301 പേർക്കാണ് ജീവൻ നഷ്ടമായത്. ഗുജറാത്തിൽ 127 പേരാണ് മരിച്ചത്. ഇവിടെ രോഗബാധിതർ 2,815ആയി. മദ്ധ്യപ്രദേശിൽ 92 പേരും ഡൽഹിയിൽ 53 പേരും കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.