iceland

റെയ്ക്യവിക്: നോർഡിക് ദ്വീപ് രാഷ്ട്രമായ ഐസ്‌ലൻഡിൽ കൊവിഡ് നിയന്ത്രണവിധേയം. 3,64,200ഓളം ജനങ്ങൾ താമസിക്കുന്ന ഐസ്‌ലൻഡിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തില്ല. രാജ്യത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഒരു കേസുകൾ പോലും റിപ്പോർട്ട് ചെയ്യാത്ത ഒരു ദിവസം കടന്നു പോകുന്നത്. അടുത്ത മാസവും നിയന്ത്രണങ്ങൾ തുടരുമെങ്കിലും മേയ് 4ന് ശേഷം ഐസ്‌ലൻഡിൽ ഇളവുകൾ അനുവദിക്കും. ഇപ്പോൾ സ്കൂളുകളും മാളുകളുമൊക്കെ അടഞ്ഞുകിടക്കുകയാണ്. ലോകത്ത് ഏറ്റവും ശക്തമായ കൊവിഡ് പരിശോധനാ നടപടികൾ നടന്ന രാജ്യങ്ങളിൽ ഒന്നാണ് ഐസ്‌ലൻഡ്. 43,000ത്തിലേറെ പേരെ രാജ്യത്തിന് ഇതിനോടകം തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

നോർത്ത് അറ്റ്ലാൻഡിക് ദ്വീപായ ഐസ്‌ലൻഡിൽ ഇതേവരെ 1,789 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 10 പേർ മരിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക രേഖകളിൽ പറയുന്നു. ഇതിൽ 1,542 പേർക്ക് രോഗം ഭേദമായി. 237 പേർ മാത്രമാണ് ചികിത്സയിലുള്ളത്. രോഗവ്യാപനത്തിന്റെ തോത് കുറവാണെങ്കിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഐസ്‌ലൻഡിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ടൂറിസമാണ് ഐസ്‌ലൻഡിന്റെ പ്രധാന വരുമാന സ്രോതസ്.